കാഞ്ഞാണി: കണ്ടശാംകടവ് ജലോത്സവ പവലിയൻ കോംപ്ലക്‌സിന്റെയും കുട്ടികളുടെ പാർക്കിന്റെയും നടത്തിപ്പ് അവകാശം മണലൂർ പഞ്ചായത്തിന് ലഭിച്ചു. ഡിസംബർ 30ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ടൂറിസം വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ചെങ്കിലും നാല് വർഷമായി നടത്തിപ്പിനുള്ള ഉടമസ്ഥാവകാശം ആർക്കെന്ന് തീരുമാനമാകാതെ ജലോത്സവ പവലിയൻ കോപ്ലക്‌സും പാർക്കും നാശത്തിന്റെ വക്കിലായിരുന്നു.
ടൂറിസം വകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കമായിരുന്നു കാരണം. നടത്തിപ്പ് അവകാശം മണലൂർ പഞ്ചായത്തിന് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇത് സംബന്ധിച്ച് കേരളകൗമുദി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക് വേണ്ടി തിരുവോണത്തിന്റെ പിറ്റേ ദിവസം നടത്തിവന്നിരുന്ന ജില്ലയിൽ ഏറ്റവും വലിയ വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റ് എന്ന പ്രാധാന്യം ഉൾക്കൊണ്ടാണ് നിർമ്മാണം നടത്തിയത്.
2016ൽ മന്ത്രി എ.സി. മൊയ്തിൻ ഉദ്ഘാടനം ചെയ്തുവെങ്കിലും ഉടമാസ്ഥാവകാശം തീരുമാനമാകാതെ അനാഥമായി കിടക്കുകയായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി മുരളി പെരുന്നെല്ലി എം.എൽ.എ മുഖേന നടത്തിപ്പ് അവകാശം പഞ്ചായത്തിന് വിട്ടുകിട്ടാൻ വകുപ്പ് തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന് നടത്തിപ്പ് അവകാശം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പവലിയന്റെയും പാർക്കിന്റെയും അറ്റകുറ്റപ്പണികളെല്ലാം പരിഹരിച്ച് 30ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ജലോത്സവ പവലിയൻ കോപ്ലക്‌സ്
കൺവെൻഷൻ സെന്റർ, ഹോട്ടൽ, കുട്ടികളുടെ പാർക്ക്.
ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത് മൂന്നര കോടി രൂപ
അനുവദിച്ചത് ഒരു കോടി രൂപ
കെട്ടിട സമുച്ചയം 2,300 ചതുരശ്ര അടിയിൽ
പവലിയൻ 500
ടോയ്‌ലെറ്റ് സമുച്ചയം നിർമ്മിക്കാൻ ടി.എൻ. പ്രതാപൻ എം.പി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഉടനെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.
പി.ടി. ജോൺസൺ
പഞ്ചായത്ത് പ്രസിഡന്റ്