തൃശൂർ : സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിന് ഇന്ന് അരങ്ങുണരും. ഷോ ആരംഭിക്കുന്നതിന് അൽപ്പം മുൻപ് കാണികൾക്ക് അക്കാഡമി കൗണ്ടറിൽ നിന്ന് സൗജന്യ ടിക്കറ്റ് കൈപ്പറ്റാം. സമീപകാലത്ത് അന്തരിച്ച നാടകപ്രതിഭകളായ പി. ബാലചന്ദ്രൻ, കെ.കെ രാജൻ, കോഴിക്കോട് ശാരദ, എൻ.ജി. ഉണ്ണിക്കൃഷ്ണൻ, അനിൽ നെടുമങ്ങാട്, ഡോ. ജോസ് ജോർജ്ജ്, എ.ശാന്തകുമാർ, രാജീവ് വിജയൻ എന്നിവരെ അനുസ്മരിച്ച് ഉച്ചയ്ക്ക് 12.30 ന് വി.ഡി.പ്രേംപ്രസാദ് പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് ജോസ് കോശി സംവിധാനം ചെയ്ത് ഗോപാലൻ അടാട്ട്, വിവേക് റോഷൻ എന്നിവർ അഭിനയിക്കുന്ന ഇവല്യൂഷൻ എന്ന ചെറുനാടകം അക്കാഡമി വളപ്പിലെ ബ്ലാക്ക് ബോക്‌സിൽ അരങ്ങേറും. അക്കാഡമിഅങ്കണത്തിൽ വൈകീട്ട് 3.30ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 വാദ്യകലാകാരന്മാരെ അണിനിരത്തുന്ന ഇലഞ്ഞിത്തറമേളം അവതരിപ്പിക്കും. വൈകീട്ട് അഞ്ചിന് സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളായിരുന്ന ഗാർഗി അനന്തൻ, അതുൽ എം., അജയ് ഉദയൻ എന്നിവർ ഹോപ്പ് ക്ലൗണുകളായി അരങ്ങിലെത്തും. വൈകീട്ട് 5.30ന് ഭരത് മുരളി ഓപ്പൺ എയർ തിയേറ്ററിൽ ഈറോഡ് നാടക സംഘം അവതരിപ്പിക്കുന്ന ടക്കൊന്നൊരു കഥ എന്ന ചെറുനാടകവും കാണികൾക്കായി അവതരിപ്പിക്കും.