ഗുരുവായൂർ: വാതക ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി കരാർ നൽകുന്നതിനെച്ചൊല്ലി ഭരണപക്ഷത്ത് അഭിപ്രായ വ്യത്യാസം. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് വിഷയത്തിൽ ഇടതുപക്ഷത്തെ ഭിന്നത പ്രകടമായത്. നിരവധി തവണ പരാതി ഉയർന്ന കമ്പനിക്ക് തന്നെ വാതക ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി കരാർ നൽകുന്നതിനെ ചൊല്ലിയായിരുന്നു അഭിപ്രായ വ്യത്യാസം. താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയ കമ്പനിക്കെതിരെ നേരത്തെ നിരവധി പരാതികളുണ്ടെന്നും റീ ടെൻഡർ വിളിക്കണമെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എ.എസ്. മനോജ് ആവശ്യപ്പെട്ടു. റീടെൻഡർ വേണ്ടി വന്നാൽ അറ്റകുറ്റപ്പണി വൈകുമെന്ന് ചെയർമാൻ ചൂണ്ടിക്കാണിച്ചതിനെ ചില യു.ഡി.എഫ് അംഗങ്ങൾ പിന്തുണച്ചെങ്കിലും റീ ടെൻഡർ വിളിക്കണമെന്ന നിലപാടിലായിരുന്നു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ. റീ ടെൻഡർ പരസ്യം നൽകുന്നതിന് പുറമെ ശുചിത്വ മിഷന്റെ പാനലിലെ സ്ഥാപനങ്ങൾക്ക് കത്ത് നൽകണമെന്ന് പ്രൊഫ. ശാന്തകുമാരിയും ആവശ്യപ്പെട്ടു. ഒടുവിൽ റീടെൻഡർ നടത്താൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.
അമ്പത് ശതമാനം മാത്രം വിഹിതം നൽകുന്ന കേന്ദ്ര സർക്കാർ അമൃത് പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കേണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ പറഞ്ഞു. അമൃതിൽ ഗുരുവായൂരിൽ പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വേണമെന്ന ബി.ജെ.പി അംഗത്തിന്റെ ആവശ്യമാണ് ചർച്ചയ്ക്ക് വഴി തുറന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് 80 ശതമാനം വിഹിതം കേന്ദ്രം തന്നിരുന്നുവെന്നും ബി.ജെ.പി ആയപ്പോൾ അത് അമ്പതായി കുറഞ്ഞുവെന്നും പ്രൊഫ. പി.കെ. ശാന്തകുമാരി ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിയെ കാത്തിരുന്ന് നിർമ്മാണം പൂർത്തിയായ കെട്ടിടം ഒരു വർഷം അടച്ചിട്ടത് ചെയർമാൻ എം. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
റെയിൽവേ മേൽപ്പാല നിർമ്മാണത്തെ തുടർന്ന് ബാലകൃഷ്ണ തിയേറ്ററിനടുത്തേക്ക് താത്കാലികമായി മാറ്റിയ തൃശൂർ ബസുകളുടെ സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് കോൺഗ്രസ് അംഗം വി.കെ. സുജിത് ആവശ്യപ്പെട്ടു. യോഗത്തിൽ എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. എ.എം. ഷെഫീർ, കെ.പി. ഉദയൻ, ആർ.വി. ഷെഫീർ, ശോഭ ഹരിനാരായണൻ, കെ.പി.എ റഷീദ്, ബി.വി. ജോയ്, വി.കെ. സുജിത്, മെഹ്‌റൂഫ് എന്നിവർ സംസാരിച്ചു.
അമൃത് പദ്ധതിയുടെ പകുതി വിഹിതം സംസ്ഥാനവും നഗരസഭയും ചേർന്നാണ് വഹിക്കുന്നത്. പദ്ധതിയിൽ പകുതി മാത്രമാണ് കേന്ദ്രം തരുന്നത്. നഗരസഭയ്ക്ക് ലഭിച്ചിരുന്ന വിനോദ നികുതി പോലും ഇപ്പോൾ കേന്ദ്രം കൊണ്ട് പോവുന്നു. അത് തിരിച്ചുതരുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല.
-എം.കൃഷ്ണദാസ്
(നഗരസഭാ ചെയർമാൻ)