ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം മൂന്നാംദിനം പിന്നിട്ടപ്പോൾ മഹാദേവന് 363 കലശങ്ങൾ അഭിഷേകം ചെയ്തു. ശ്രീരുദ്രമന്ത്ര ജപം കഴിഞ്ഞ കലശങ്ങൾ ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് അഭിഷേകം ചെയ്തത്. ഇന്നലെ അതിരുദ്രമഹായജ്ഞം ഗുരുവായൂർ ദേവസ്വം വകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന മഹാരുദ്ര യജ്ഞത്തിലും ഒരു ദിവസത്തെ വഴിപാട് ഗുരുവായൂർ ദേവസ്വം വകയായിരുന്നു. ദേവപ്രശ്‌നത്തിലെ ജ്യോതിഷികളുടെ നിർദേശ പ്രകാരമാണ് എല്ലാവർഷവും മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം വഴിപാട് നടത്തി വരുന്നത്. യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ സെമാനാറിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പട് മുഖ്യാതിഥിയായി. ഡോ: ഇ. ശ്രീധരൻ (റിട്ട. പ്രൊഫസർ, എസ്.എസ്.യു.എസ്. റീജ്യണൽ സെന്റർ, പയ്യൂർ) ക്ഷേത്രങ്ങളും ജ്യോതിഷ ഗണിത വാരമ്പര്യവും എന്ന വിഷയത്തിലും ക്ഷേത്ര വാസ്തു എന്ന വിഷയത്തിൽ ഡോ: പി. ഗിരീശൻ (സൂപ്രണ്ടിംഗ് എൻജിനിയർ, കേരള ജല അതോറിറ്റി, കോഴിക്കോട് ) എന്നിവർ പ്രബന്ധങ്ങൾ അവതരിച്ചു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കാലത്ത് ബാണയുദ്ധം എന്ന വിഷയത്തിൽ ഡോ: വി. അച്യുതൻ കുട്ടിയുടെ പ്രഭാഷണവും കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, ഗുരുവായൂർ മായ അന്തർജനത്തിന്റെ തിരുവാതിരക്കളി, ഗുരുവായൂർ ക്ഷേത്ര കലാനിലയം അവതരിച്ച ബാണയുദ്ധം കൃഷ്ണനാട്ടം എന്നിയും ഉണ്ടായി.