പുതുക്കാട്: ചെങ്ങാലൂർ, നെല്ലായി പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമായ നെല്ലായിക്കടവ് പാലം യാഥാർത്ഥ്യമാകുന്നു. ബഡ്ജറ്റിൽ തുക നീക്കിവയ്ക്കുകയും ഭരണാനുമതി ഉൾപ്പെടെ ലഭിച്ചിട്ടും ഭൂമി ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച പരാതികൾ മൂലം നീണ്ട് പോയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നിരന്തരമായ ജനകീയ ഇടപെടലുകളെ തുടർന്ന് പരിഹരിക്കപ്പെട്ടു. പുതുക്കിയ ഡിസൈൻ സ്ഥലമുടമകളുടെ അംഗീകാരത്തോടെ അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചിരിക്കയാണ്.
കടത്ത് വഞ്ചി മറിഞ്ഞ് ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ട നെല്ലായിക്കടവിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം വേണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പുതുക്കാട്-പറപ്പൂക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നെല്ലായി കടവിൽ പാലം യാഥാർത്ഥ്യമാകുന്നതോടെ ചെങ്ങാലൂർ, രണ്ടാംകല്ല്, സ്‌നേഹപുരം, എസ്.എൻ.പുരം, ശാന്തി നഗർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ യാത്രാ സൗകര്യമാണ് ഉണ്ടാകുക.
കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും മണ്ഡലത്തിലുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും തദ്ദേശവാസികളുടെയും പരാതിക്കാരുടെയും ഒട്ടനവധി യോഗങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താനായാത്. നെല്ലായിയിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും തദ്ദേശവാസികളുടെയും യോഗം ഇന്നലെയും നടന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ. സ്മിത എന്നിവർ നിലവിലെ പദ്ധതിയുടെ വിശദാംശങ്ങൾ വിവരിച്ചു.