seized-stale-food

നഗരസഭ ആരോഗ്യ വിഭാഗം ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ.

ചാവക്കാട്: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 12 ഓളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സ്ഥാപനങ്ങൾ അടപ്പിച്ച് നോട്ടീസ് നൽകി പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. മിക്ക ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ബിസ്മി ഫാസ്റ്റ് ഫുഡ്, റഹ്മത്ത് ഹോട്ടൽ, നാഷണൽ ഫുഡ് പാലസ്, ഹോട്ടൽ അൽസാക്കി, സമുദ്ര റസ്റ്റോറന്റ്, അമരാവതി റസ്റ്റോറന്റ്, ബാലകൃഷ്ണ കഫേ, ഹോട്ടൽ വിംമ്പീസ്, ഹോട്ടൽ കൈരളി, ഹോട്ടൽ റഹ്മാനിയ, കൂട്ടുങ്ങൽ കഫേ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്.
പഴകിയ ചിക്കൻ മസാല, അൽഫാം, ഫ്രൈഡ് റൈസ്, ചോറ്, ചിക്കൻ ചില്ലി, ചിക്കൻ കറി, ബീഫ് ചില്ലി, സലാഡ്, പൊറോട്ട, ബീഫ് ഗ്രേവി, ബീഫ് കറി, ഉള്ളിക്കറി, ഗോതമ്പ് മാവ്, പൊറോട്ട മാവ് എന്നിവയാണ് പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങൾ.
നഗരസഭ ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി. സക്കീർ ഹുസൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ജെ.ശംഭു, കെ.ബി.ദിനേശ്, ശിവപ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.