തൃശൂർ: കോർപറേഷനിലെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയെങ്കിലും മേയറുടെ നേതൃത്വത്തിൽ പത്രസമ്മേളനം വിളിച്ച് തിരിച്ചടിച്ചു. പൊതുമരാമത്ത് കമ്മിറ്റിയും കൗൺസിലും അറിയാത്ത പദ്ധതികളാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എസ്റ്റിമേറ്റും ടെൻഡറുമില്ലാതെ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തി സ്വന്തക്കാർക്ക് നൽകി ചെയ്യിക്കുന്നു. ഒറ്റ പദ്ധതിയായി നടപ്പാക്കേണ്ടവ ഇ-ടെൻഡർ ഒഴിവാക്കുന്നതിനായി 5 ലക്ഷം രൂപയുടെ താഴെ പ്രവൃത്തികളായി ക്രമീകരിച്ച് വൻ അഴിമതി നടത്തുകയാണ്. നവീകരണ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുമെന്നും പല്ലൻ വ്യക്തമാക്കി.
തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മേയർ എം.കെ. വർഗീസ് പത്രസമ്മേളനത്തിലൂടെ മറുപടി നൽകി. മെയിൻ ഓഫീസ് നവീകരണം എന്ന പദ്ധതിക്കായി 75 ലക്ഷം രൂപ വകയിരുത്തുകയും ഡി.പി.സി അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഓഫീസ് പെയ്ന്റിംഗ്, ടോയ്‌ലറ്റ് മെയിന്റനൻസ്, പൂന്തോട്ടം നവീകരണം, മതിൽ ഗേറ്റ് എന്നിങ്ങനെയുളള ഇനങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നൽകിയെന്നും ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. കോർപറേഷന്റെ പൗരാണിക കെട്ടിടം പൗരാണികമായി തന്നെ നിലനിറുത്തി ബലപ്പെടുത്തൽ, പ്രവേശന കവാടം, ക്ലോക്ക് ടവർ, മറ്റ് കോർപറേഷന്റെ ഓഫീസുകൾ നവീകരിക്കുന്നതിനും കോർപറേഷന്റെ മുൻഭാഗത്തെ ലാന്റ് സ്‌കെച്ച്, കാൽനട യാത്രക്കാർക്കുളള പ്രവേശന വഴി എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.