news
കടവല്ലൂർ പാടത്ത് കൃഷിക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നു.

കുന്നംകുളം: കടവല്ലൂർ പഞ്ചായത്തിൽ 140 ഏക്കർ തരിശ് നിലം കൃഷിയോഗ്യമാക്കി കൃഷിയിറക്കുന്നു. നിരവധി കർഷകരുടെ 2 മാസത്തെ അദ്ധ്വാനത്തിന്റെ ഫലമായാണ് തരിശായി കിടന്നിരുന്ന നിലം കൃഷിയോഗ്യമാക്കിയത്. കടവല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് കെ.എം. മണികണ്ഠൻ, സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.കെ. വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തുന്നത്. 30 വർഷത്തോളമായി തരിശ് കിടന്നിരുന്ന ഒതളൂർ ബണ്ട് മുതൽ കടവല്ലൂർ മരങ്ങാട് പാടം വരെയുള്ള ഭാഗങ്ങളാണ് കൃഷിക്ക് സജ്ജമാക്കുന്നത്. നൂറോളം കർഷകരാണ് ഇവിടെ കൃഷിയിറക്കുക.
മാസങ്ങളുടെ ശ്രമഫലമായാണ് പാടം കൃഷി യോഗ്യമാക്കിയത്. ആഴത്തിൽ വേരോടിയിരുന്ന പാഴ്‌ച്ചെടികൾ പിഴുത് കളയുക ഏറെ വെല്ലുവിളിയായി. ചെറിയ മണ്ണ് മാന്തി യന്ത്രങ്ങൾ ഇറക്കിയാണ് ഇവ നീക്കം ചെയ്തത്. 2022 ജനുവരി 15ന് രാവിലെ 8 ന് കൃഷി മന്ത്രി പി. പ്രസാദ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യും. പാടത്തെ വെള്ളം വറ്റിക്കാൻ മോട്ടർ പമ്പ്‌സെറ്റ് ഒരുക്കുന്നത് മുതൽ വിത്ത് കണ്ടെത്തുന്നത് വരെയുള്ള മുഴുവൻ ചെലവും പാടശേഖര സമിതിയാണ് വഹിക്കുന്നത്. ആദ്യഘട്ടമായി 3000 രൂപ വീതം ഓരോ കർഷകരിൽ നിന്നും വാങ്ങിയിട്ടുണ്ട്. ഒരേക്കർ പാടം കൃഷിയിറക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ 40,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായി കർഷകർ പറഞ്ഞു.
തരിശ് നിലത്ത് നെൽ കൃഷിയിറക്കുന്ന കർഷകന് കൃഷി വകുപ്പിൽ നിന്നും പല പദ്ധതികളിലായി ഹെക്ടറിന് 40,000 രൂപവരെ ധനസഹായം ലഭിക്കും. നികുതി രശീത് അടക്കം ഇതിന് വേണ്ട രേഖകൾ ഇല്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. പാട്ടത്തിനെടുത്താണ് ഭൂരിപക്ഷം പേരും കൃഷിയിറക്കുന്നത്. വർഷങ്ങളോളം നികുതി മുടങ്ങിയതിനാൽ 10,000 രൂപ വരെ നികുതി ബാദ്ധ്യത ഉള്ളവരും റീസർവെ നടത്താത്തതിനാൽ നികുതി അടയ്ക്കൽ സാദ്ധ്യമല്ലാത്തവരും ഉണ്ട്. തടസങ്ങൾ നീക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.