raveendran
കളത്തിൽ രവീന്ദ്രൻ

ചാവക്കാട്: ശാരീരിക വൈകല്യങ്ങളെ അവഗണിച്ച് നാടകത്തിന് ജീവിതം സമർപ്പിച്ച് രാഷ്ട്രപതിയുടെ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളത്തിൽ രവീന്ദ്രൻ ഓർമ്മയായിട്ട് ഏഴ് വർഷം. നാടക രചയിതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ചാവക്കാട് മണത്തല സ്വദേശി രവീന്ദ്രനെ ചാവക്കാട് നഗരസഭാ സകലകലാ വല്ലഭൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. രണ്ട് വയസുള്ളപ്പോൾ പോളിയോ ബാധിച്ച് കാലുകളും വലത് കൈയും തളർന്ന രവീന്ദ്രന് പഠനകാലം ദുരിതമായിരുന്നു. വീട്ടിൽ ഇരുന്ന് പഠിച്ച് വിദ്യ നേടിയ രവീന്ദ്രൻ ആദ്യമായി ഒരു നാടകത്തിന് ഗാനരചന നടത്തി സംഗീതം നൽകി. ചാവക്കാട് കോഴിക്കുളങ്ങര ക്ഷേത്രത്തിലാണ് അവതരിപ്പിച്ചത്. ഇതിന് ലഭിച്ച പ്രോത്സാഹനം രവീന്ദ്രനെ നാടകക്കാരനാക്കി മാറ്റി. കൊടുങ്ങല്ലൂർ മുതൽ പൊന്നാനി വരെയുള്ള തീരപ്രദേശത്ത് രവീന്ദ്രന്റെ നാടകം അവതരിക്കാത്ത ഉത്സവങ്ങൾ വിരളമാണ്. മറ്റുള്ളവരുടെ സൈക്കിളിന് പിന്നിലിരുന്നും കാറിലുമായി നാടകത്തിന് പിന്നാലെ സഞ്ചരിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസ് വഴിയുള്ള സമ്പാദ്യ ശീലം വളർത്താൻ പ്രചരണത്തിനായി സംസ്ഥാന സർക്കാർ രവീന്ദ്രന്റെ 'ബെറ്റ് വെച്ച കാശ് 'എന്ന നാടകമാണ് തിരഞ്ഞെടുത്തത്. കുടുംബാസൂത്രണത്തിന്റെ പ്രചാരണത്തിനായി കേന്ദ്ര സർക്കാർ യുവധർമ്മം നാടകവും തിരഞ്ഞെടുത്തു. 100 നാടകങ്ങൾ രചിച്ചവയിൽ പലതും ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തു. ചാവക്കാട് ഗവ.ഹൈസ്‌കൂളിൽ വച്ചാണ് രാഷ്ട്രപതി പുരസ്‌കാരം നൽകിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബോധവത്കരണത്തിനായി തിരഞ്ഞെടുത്ത നാടകങ്ങൾ ഇന്ത്യയിൽ പലയിടത്തും അവതരിപ്പിച്ചിട്ടുണ്ട്.