കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികാഘോഷം ഇന്ന് വൈകിട്ട് 7.30ന് കണ്ടശാംകടവ് ജലോത്സവ പവലിയനിൽ നടക്കും. ടൂറിസം ഡിപ്പാർട്ട്‌മെന്റ് പഞ്ചായത്തിന് കൈമാറിയ കണ്ടശാംകടവ് ബോട്ടുജെട്ടിയിലെ ജലവാഹിനി പാർക്കും പവലിയനും നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന ചടങ്ങും, ദീപ്തഗ്രാമം പദ്ധതിയിലുൾപ്പെടുത്തി 19 വാർഡുകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെയും, തെരുവുവിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിന്റെയും ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കും. മഹാമാരികാലത്ത് സ്തുത്യർഹ സേവനം അനുഷ്ഠിച്ച ആർ.ആർ.ടി വളണ്ടിയർമാരെയും മണലൂർ പഞ്ചായത്തിന്റെ ഹരിത കർമസേനാംഗങ്ങളെയും ആദരിക്കും.
മൂന്ന് കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് പ്രസിഡന്റ് പി.ടി. ജോൺസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഷോയ് നാരായണൻ, ടോണി അത്താണിയ്ക്കൽ, രാഗേഷ് കണിയാംപറമ്പിൽ, രതീഷ് കൂനത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.