മുരിയാട്: മുരിയാട് പഞ്ചായത്തിൽ രണ്ടാം ഘട്ട ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷിച്ചവരിൽ അഞ്ചിൽ നാല് ഭാഗത്തിന്റെയും അപേക്ഷകൾ പരിശോധിക്കുക പോലും ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. കഴിഞ്ഞ ഇരുപതിന് മുമ്പ് യോഗ്യമാണെന്ന് കണ്ടെത്തിയ അപേക്ഷകൾ ലൈഫ് മിഷൻ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നിരിക്കെ ആകെ ലഭിച്ച 782 അപേക്ഷകരിൽ 170 ഓളം അപേക്ഷ മാത്രമാണ് ഇതുവരെ പരിശോധിച്ചത്. ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനത്തിന് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, നിത അർജുനൻ, ജിനി സതീശൻ എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.