 
ചേർപ്പ്: പൗരാണിക ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. ഇതോടെ പുതുതലമുറയ്ക്കും നൃത്തനാടക വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് വിരൽത്തുമ്പിലേക്കെത്തും. ചാത്തക്കുടം കൃഷ്ണൻ നമ്പ്യാർ മിഴാവ് കളരിയിൽ നങ്ങ്യാർ കൂത്ത് കലാകാരി ഉഷ നങ്ങ്യാരാണ് 70 മണിക്കൂറിലേറെ വരുന്ന ഡിജിറ്റൽ ചിത്രീകരണത്തിന് ചുക്കാൻ പിടിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന് ശേഷം ശ്രീകൃഷ്ണചരിതം പൂർണമായും അവതരിപ്പിച്ചതായി അറിവില്ലെന്ന് ഉഷാ നങ്ങ്യാർ പറയുന്നു.
മിഴാവിൽ വി.കെ.കെ. ഹരിഹരൻ, കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എൻ. ഹരിഹരൻ, കലാമണ്ഡലം കെ.പി. നാരായണൻ നമ്പ്യാർ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും, താളത്തിൽ അപർണ നമ്പ്യാരും, കപില കൃഷ്ണകുമാർ, സരിത കൃഷ്ണകുമാർ, ആതിര, അനിത എന്നിവരും അരങ്ങിലെത്തും. ശിവൻ വെങ്കിടങ്ങാണ് രംഗ സജ്ജീകരണവും, ദീപ സംവിധാനവും നിർവഹിക്കുന്നത്. ഇരിങ്ങാലക്കുടലൈവ്.കോം ആണ് ശ്രീകൃഷ്ണചരിതത്തിന്റെ ഡിജിറ്റൽ ചിത്രീകരണം ഒരുക്കുന്നത്.
ഡിജിറ്റൽ ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത്
സാഹിത്യത്തിനും, ചിട്ടകൾക്കും, ചടങ്ങുകൾക്കും, വിസ്തരിച്ചിട്ടുള്ള ആട്ടങ്ങൾക്കും മുൻതൂക്കം നൽകി കൂത്ത്, കൂടിയാട്ട വിദ്യാർത്ഥികൾക്ക് പ്രായോഗികമായ രീതിയിലാണ് ഡിജിറ്റിൽ ചിത്രീകരണം നടക്കുന്നത്. നീണ്ട നാളത്തെ പ്രയത്‌നങ്ങൾക്ക് ശേഷമാണ് കൂത്ത് പൂർണമായും അവതരിപ്പിക്കുന്നതും ചിത്രീകരിക്കുന്നതും. 70 മണിക്കൂറിലേറെ വരുന്ന ഡിജിറ്റൽ ചിത്രീകരണമാണ് ഒരുക്കുന്നത്.