വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അഴിമതി
വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ ഫീൽഡ് കളക്‌ഷനുമായി ബന്ധപ്പെട്ട തിരിമറിയിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ചെന്ന ആരോപണവുമായി സെക്രട്ടറി രംഗത്ത്. ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി സെക്രട്ടറിക്ക് നൽകിയ മെമ്മോയ്ക്ക് മറുപടിയായാണ് പ്രസിഡന്റിനെ തന്നെ കുറ്റപ്പെടുത്തി സെക്രട്ടറി കെ.ബി. സജീവ് മറുപടി നൽകിയത്.
പഞ്ചായത്ത് ഓഫീസിലെ ക്ലർക്കായ ആന്റണി റൊണാൾഡ് ബെന്നിയാണ് 40,164 രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തിരിമറിയിൽ 40,164 രൂപയാണ് പഞ്ചായത്തിന് നഷ്ടപ്പെട്ടത്. ഇതിൽ 30,000 രൂപ ആന്റണി റൊണാൾഡ് ബെന്നി ഒടുക്കാമെന്നും ബാക്കിയുള്ള 10,164 രൂപ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ നൽകണമെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചതായി സെക്രട്ടറി കെ.ബി. സജീവിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. എന്നാൽ പ്രസ്തുത നിർദ്ദേശം ഉദ്യോഗസ്ഥർ നിരാകരിച്ചതിനെ തുടർന്ന് ബാക്കിയുള്ള തുക ആന്റണി റൊണാൾഡ് ബെന്നി പഞ്ചായത്തിൽ അടക്കുകയായിരുന്നുവെന്നും കത്തിൽ പറയുന്നു.
പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ഭരണകക്ഷിയിലെ സി.പി.ഐയും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസ് ഈ വിഷയത്തിൽ സമരവും നടത്തിയിരുന്നു. എന്നാൽ സി.പി.എം അന്വേഷണത്തോട് മുഖം തിരിച്ചു നിൽക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് പുറത്തുവരുന്നതോടെ പ്രസിഡന്റും സി.പി.എമ്മും കൂടുതൽ പ്രതിരോധത്തിലാകും.