news

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കുന്നംകുളം നഗരസഭയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ശുചിത്വ നഗരസഭയായി മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിക്കുന്നു.

കുന്നംകുളം: തദ്ദേശ സ്ഥാപനങ്ങളിലൂടെ ശുചിത്വ പൂർണമായ ഒരു വ്യവസ്ഥിതി സംസ്ഥാനത്ത് ഉണ്ടാക്കിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നല്ല വീട്, നല്ല നഗരം പദ്ധതിയിലൂടെ സമ്പൂർണ ഖരമാലിന്യ ശുചിത്വ നഗരസഭയായ കുന്നംകുളം നഗരസഭയെ പ്രഖ്യാപിക്കുന്ന ചടങ്ങ് ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഖരദ്രവ്യ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതോടൊപ്പം ഇതിനായി ജനകീയാടിത്തറ കെട്ടിപ്പടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2500 കോടിയോളം രൂപയാണ് ശുചിത്വ വ്യവസ്ഥിതി രൂപപ്പെടുത്താൻ വിനിയോഗിക്കുക. ഇതോടൊപ്പം അമൃത് പദ്ധതിക്ക് 4000 കോടി രൂപ കൂടി അനുവദിച്ച് പ്രവർത്തനങ്ങൾ മികവുറ്റതാക്കും. സാമൂഹിക ശുചിത്വം പാലിക്കണമെന്ന വസ്തുത ജനങ്ങൾ മറക്കരുത്. മാലിന്യ സംസ്‌കരണം മാതൃകാ പദ്ധതിയായി കണ്ട് വിപുലപ്പെടുത്താനാണ് സർക്കാർ തീരുമാനം. തോടുകൾ, പുഴകൾ വൃത്തിയാക്കൽ, കുടിവെള്ള സ്രോതസുകൾ മികവുറ്റതാക്കൽ എന്നിവയ്ക്ക് മുൻഗണന നൽകണം. നഗരങ്ങളിലും മാലിന്യ നിർമ്മാർജനം വിജയകരമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നല്ല വീട്, നല്ല നഗരം കൈപ്പുസ്തകം, കുന്നംകുളം നിയോജക മണ്ഡലം ജലസുരക്ഷ കൈപ്പുസ്തകം എന്നിവയും മന്ത്രി പ്രകാശനം ചെയ്തു.
ഓരോ വാർഡും ശുചിത്വ പദവി പ്രഖ്യാപനം നടത്തി നഗരസഭയുടെ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ നഗരസഭയാണ് കുന്നംകുളം. നല്ല വീട,് നല്ല നഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്‌കരണത്തിന് ബയോബിന്നുകളും അജൈവമാലിന്യ സംസ്‌കരണത്തിന് ഹരിത കർമ്മ സേനാംഗത്വവും ഉറപ്പ് വരുത്തിയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്.
എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, നടൻ വി.കെ. ശ്രീരാമൻ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, മുൻ നഗരസഭാ ചെയർമാൻമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധി എം.എം. വർഗീസ്, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ പങ്കെടുത്തു.