 
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പ്രദേശത്തെ തരിശ് ഭൂമിയിൽ നെല്ല് വിളയിച്ച് സി.പി.എം നടത്തിയ കൊയ്ത്തുത്സവം ശ്രദ്ധേയമായി. സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റിയുടെയും കർഷക സംഘം , കർഷക തൊഴിലാളി യൂണിയൻ പുല്ലൂറ്റ് വില്ലേജ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ സംയോജിത കൃഷി പരിപാലനത്തിന്റെ ഭാഗമായാണ് തരിശ് ഭൂമിയിൽ കൃഷിയിറക്കിയത്. നാരായണമംഗലം മഠത്തിപ്പറമ്പിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ള തരിശ് പാടത്തെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് ശ്രേയസ് ഇനത്തിൽപ്പെട്ട നെല്ല് വിളയിച്ചത്. ഇടക്ക് കാലാവസ്ഥ പ്രതികൂലമായെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് നാല് മാസം കൊണ്ടാണ് നെല്ല് വിളവെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മ്റ്റി അംഗം പി.എൻ. രാമദാസ് അദ്ധ്യക്ഷനായി. സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി കെ.കെ. അബീദലി, പി.എൻ. വിനയചന്ദ്രൻ, മുസ്താക്ക് അലി, എം.വി. സുധീർ, എ.എ. ബാബു എന്നിവർ സംസാരിച്ചു.