ചാലക്കുടി: രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ചാലക്കുടി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന് നഗരസഭ കൗൺസിൽ പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി.പോൾ അവതാരകനും പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, വാർഡ് കൗൺസിലർ വി.ജെ. ജോജി എന്നിവർ അനുവാദകരുമായ പ്രമേയമാണ് കൗൺസിൽ ഐക്യകണ്‌ഠേന അംഗീകരിച്ചത്.
ചാലക്കുടി ഗവ: ഈസ്റ്റ് ഗേൾസ് ഹൈസ്‌കൂളിൽ പ്ലസ് ടു കോഴ്‌സ് അനുവദിക്കണമെന്ന വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കുകയും സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കോട്ടാറ്റ് പറയൻ തോടിനോട് ചേർന്നുള്ള കൃഷി സ്ഥലം വ്യാപകമായി മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു.
നഗരസഭയുടെ സുവർണ ഗൃഹം പദ്ധതിയിലേക്ക് 10 വീടുകൾ നിർമ്മിക്കുന്നതിന് കെ.സി.പി.പി.എലിന്റെ സി.എസ്.ആർ ഫണ്ട് 60 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഭൂമി ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു.
അതി ദാരിദ്ര്യ നിർണയ പ്രക്രിയ്യയുടെ നടപടികൾ പ്രകാരം തയ്യാറാക്കിയ 143 പേരുടെ പ്രാഥമിക പട്ടിക അംഗീകരിച്ചു. നഗരസഭ ഓഫീസിൽ പുതുതായി ഇന്റർ കോം സ്ഥാപിക്കുന്നതിന് 1,89 ലക്ഷം രൂപയുടെ കരാർ അംഗീകരിച്ചു.
ചെയർമാൻ വി.ഒ. പൈലപ്പൻ യോഗത്തിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, അഡ്വ.ബിജു ചിറയത്ത്, എം.എം.അനിൽകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.