പാവറട്ടി: കൊവിഡിനെത്തുടർന്ന് നിശ്ചലമായ നാടകരംഗത്ത് പുത്തൻ ഉണർവുണ്ടാക്കി എടക്കളത്തൂർ ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീരാമചന്ദ്ര യു.പി. സ്‌കൂളിൽ നടന്നുവന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം കൊടിയിറങ്ങി. വർഷംതോറും 10 നാടകങ്ങൾ അവതരിപ്പിച്ചിരുന്ന വേദിയിൽ 2021 ൽ പുതുതായി പുറത്തിറങ്ങിയ രണ്ട് പ്രഫഷണൽ നാടകങ്ങൾ മാത്രമാണ് അരങ്ങേറിയത്. നാടകോത്സവത്തിന്റെ കാര്യപരിപാടികളിൽ പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി, റവന്യു മന്ത്രി അഡ്വ: കെ. രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ഡോ: പ്രഭാകരൻ പഴശ്ശി, ശിവജി ഗുരുവായൂർ, ടോണി പേരാമംഗലം, ബസന്ത്‌ലാൽ, ജ്യോതി ജോസഫ്, മാദ്ധ്യമ പ്രവർത്തകൻ സി.എഫ്.ബെന്നി, നാടക രംഗത്ത് 69 വർഷം പിന്നിടുന്ന മുഹമ്മദ് പേരാമ്പ്ര, സജീവൻ കളത്തിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സംഘടക സമിതി ചെയർമാൻ പ്രൊഫ: വി.എസ്.മാധവൻ അദ്ധ്യക്ഷനായി. അന്നകര കളത്തിപ്പറമ്പിൽ മാധവൻ സ്മരണാർത്ഥം നടത്തിയ നാടകോത്സവത്തിൽ ജില്ലയിലെ ബഹുഭൂരിപക്ഷം താടക പ്രവർത്തകരും പങ്കെടുത്തു.