daya-
മാദ്ധ്യമപ്രവർത്തകരായ വി.എം. രാധാകൃഷ്ണൻ, കെ.കൃഷ്ണകുമാർ, ഫ്രാങ്കോലൂയിസ്, ഭാസി പാങ്ങിൽ എന്നിവർക്ക് ദയ മാദ്ധ്യമ ഫെലോഷിപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കുന്നു.

തൃശൂർ: സ്വകാര്യആശുപത്രികളിലെ ചില അധാർമ്മികതകൾ തുറന്നുകാട്ടാനുള്ള ധൈര്യം കാട്ടിയത് പ്രശംസനീയമാണെന്നും കൊവിഡ് കാലത്ത് നേട്ടം കൊയ്തത് വൻകിട മരുന്നുകമ്പനികളാണെന്ന് നമ്മൾ തിരിച്ചറിയണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
ദയ ആശുപത്രിയുടെ മാദ്ധ്യമ ഫെല്ലോഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ഏതുവിധേനയും സമ്പത്തുകൂട്ടാൻ ശ്രമിക്കുന്ന മരുന്നുകമ്പനികൾ സാമൂഹ്യപ്രതിബദ്ധത മറക്കുന്നത് കാണാതെ പോകരുത്. ആരോഗ്യമേഖലയ്ക്ക് ശ്രദ്ധേയമായ സേവനം സ്വകാര്യ ആശുപത്രികൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പഠിപ്പിച്ച പാഠം മറന്നുപോകാനിടയായാൽ നാട് വലിയ ദുരന്തത്തിലേക്കു വഴിമാറുമെന്ന് ഫെല്ലോഷിപ്പ് റിപ്പോർട്ട് പ്രകാശനം ചെയ്ത മന്ത്രി കെ. രാജൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ അധാർമ്മികതകൾ എന്ന വിഷയത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ഫ്രാങ്കോ ലൂയിസ്, കെ. കൃഷ്ണകുമാർ, വി.എം. രാധാകൃഷ്ണൻ, കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ എന്നിവർ തയാറാക്കിയ റിപ്പോർട്ട് , ആശുപത്രി എം.ഡി ഡോക്ടർ.വി.കെ.അബ്ദുൾ അസീസ്, ചെയർമാൻ പ്രൊഫസർ കെ.പി.അഹമ്മദ് കോയ എന്നിവർ ഏറ്റുവാങ്ങി. ഫെല്ലോഷിപ്പ് റിപ്പോർട്ട് ആധികാരിക രേഖയെന്ന നിലയിൽ വലിയ ചർച്ചയ്ക്കിടയാക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി വിലയിരുത്തി. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ദയ ആശുപത്രി വയോജന സൗഹൃദമാക്കുന്നതിന്റെ ഒന്നാംഘട്ട പ്രഖ്യാപനവും നടത്തി. അഡ്മിനിസ്‌ട്രേറ്റർ കെ.ജയരാജൻ, ഡോ.എം.ആർ.സന്തോഷ്ബാബു, നിപ്മർ എക്‌സിക്യുട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു, എം.എം.അബ്ദുൾ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.