ചേർപ്പ്: ദിവസവും ഉച്ചയായാൽ തായംകുളങ്ങര, ഊരകം, ചേർപ്പ് എന്നിവിടങ്ങളിലെ വഴിയോരങ്ങളിൽ കഴിയുന്നവർ പ്രദീപ് വലിയങ്ങോട്ടിന്റെ വരവിനായി കാത്തിരിക്കും. അന്നത്തെ വിശപ്പകറ്റാൻ. വീട്ടിൽ തയ്യാറാക്കിയ പൊതിച്ചോറുമായി പ്രദീപ് തന്റെ സ്‌കൂട്ടറിൽ വിശന്ന് വലയുന്നവർക്ക് അടുക്കലെത്തും. നിറമനസോടെ പൊതിച്ചോർ അവർക്കായി നീട്ടും. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രദീപിന്റെ ദിനചര്യയാണിത്. പാറക്കോവിലിലെ വീട്ടിലാണ് പ്രദീപ് ഭക്ഷണ പൊതികൾ തയ്യാറാക്കുന്നത്. സഹായത്തിനായി കുടുംബാംഗങ്ങളും അയൽക്കാരും ഒപ്പംചേരും. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ എന്നിവയാണ് ഭക്ഷണപ്പൊതിയിലെ വിഭവങ്ങൾ. ഇതുവരെയും ഈ പ്രവൃത്തിയ്ക്ക് മുടക്കം വന്നിട്ടില്ലെന്ന് ചേർപ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, ചേർപ്പ് ജനമൈത്രി കോ- ഓർഡിനേറ്ററും കൂടിയായ പ്രദീപ് പറയുന്നു. മുൻ കാലങ്ങളിൽ ഓണം, വിഷു, ക്രിസ്മസ്, റംസാൻ, പണിമുടക്ക് ദിവസങ്ങളിലാണ് പ്രദീപും സുഹൃത്തുക്കളും ചേർന്ന് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാറുള്ളത്. പുതുവർഷത്തിലും ഈ പതിവ് തുടരുമെന്ന് പ്രദീപ് വലിയങ്ങോട്ട് പറഞ്ഞു.
നാളിതു വരെയായിട്ടും ഈ പ്രവൃത്തിക്ക് മുടക്കം വന്നിട്ടില്ല. എന്തെങ്കിലും സാഹചര്യത്തിൽ ഭക്ഷണം എത്തിക്കാൻ പറ്റാതെ വന്നാൽ സുഹൃത്തുക്കളെ ഏൽപ്പിക്കും.
പ്രദീപ് വലിയങ്ങോട്ട്