ചേലക്കര: അഴിമതി വിരുദ്ധ ജനക്ഷേമ ഭരണം അസഹനീയമായപ്പോഴുണ്ടായ വെപ്രാളമാണ് തിരുവില്വാമല പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ ഇടത്-വലത് മുന്നണികളെ പ്രേരിപ്പിച്ചതെന്ന് തിരുവില്വാമല പഞ്ചായത്ത് ഭരണസമിതി ബി.ജെ.പി അംഗങ്ങൾ പത്രസമ്മേളത്തിൽ അറിയിച്ചു. പ്രധാനപ്പെട്ട മൂന്ന് സ്ഥിരം സമിതികൾ കൈകാര്യം ചെയ്യുന്ന ഇടത്, വലത് മുന്നണികൾ ഭരണസമിതിയുമായി നിസഹകരണം തുടർന്നപ്പോഴും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മുന്നിലെത്താനായി. ഇതൊക്കെയാണ് ഇടത്-വലത് മുന്നണികളെ അവിശ്വാസം കൊണ്ട് വരാൻ പ്രേരിപ്പിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ പറഞ്ഞു. തിരുവില്വാമലയിലെ ഇടത് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ പറഞ്ഞു. അവിശ്വാസ പ്രമേയത്തെ നേരിടാൻ തയ്യാറാണെന്ന് ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളായ കെ. പ്രകാശൻ, ആർ. രഞ്ജിത്ത്, ബേബി രജിത എന്നിവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.