1

ചാലക്കുടി: മലയാളികളുടെ പ്രിയതാരം കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ ഈ പുതുവർഷത്തിൽ 51 വയസ് തികയുമായിരുന്നു. ചാലക്കുടിയുടെ മുഴുവൻ ശ്രദ്ധയും പുതുവർഷാരംഭത്തിൽ ചേനത്തുനാട് തമ്പടിക്കുമായിരുന്നു. പുതുവർഷവും ജന്മദിനവും ഒരുമിച്ചാഘോഷിക്കുന്ന കലാഭവൻ മണിക്ക് കൂട്ടായി സിനിമാ രംഗത്തെ ഉൾപ്പെടെ നിരവധി ചങ്ങാതിമാരും എത്തുമായിരുന്നു.

രാവിനെ പകലാക്കുന്ന ആഘോഷങ്ങൾ മിക്കവാറും പാഡിയിലോ മറ്റിടങ്ങളിലോ ആകും നടക്കുക. ഈ നിമിഷങ്ങളിൽ നഗരത്തിന്റെ യുവത്വവും ആഹ്ലാദത്തിമിർപ്പിലാകുമായിരുന്നു. കേക്ക് മുറിക്കലും നാടൻ പാട്ടുകൾക്കൊപ്പം ചുവടുവയ്പും പരിപാടികൾക്ക് മാറ്റേകിയിരുന്നു. ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നിവ ആസ്വദിക്കാനെത്തുന്നവർക്ക് പിറന്നാൾ സദ്യയും നൽകാൻ മണി മടികാട്ടിയിരുന്നില്ല. ഇതെല്ലാം ഇന്ന് മിന്നുന്ന ഓർമ്മകൾ മാത്രം.

മണിക്ക് ശേഷം പുതുവർഷവും നാട് അകന്നു

2016ൽ മണിയുടെ മരണശേഷം അക്ഷരാർത്ഥത്തിൽ ഒറ്റത്തവണ മാത്രമാണ് ചാലക്കുടിയിൽ പുതുവർഷം കെങ്കേമമായത്, 2020ൽ. പിന്നീട് ലോക്ക് ഡൗണിൽ കുടുങ്ങി എല്ലാ ആഘോഷങ്ങളും നിലച്ചു. പ്രളയവും മറ്റും 2018- 19 വർഷങ്ങളിലെ നവവത്സരാഘോഷത്തെ നാട്ടിൽ നിന്നകറ്റി. ജനുവരി ഒന്നിനെ അതിരറ്റ് ആഘോഷിച്ചിരുന്ന അതുല്യ നടന്റെ ആർദ്രമായ ഓർമ്മകളോടെ ഒമിക്രോൺ ഭീഷിണിക്കിടിയിലും മറ്റൊരു പുതു വർഷം കൂടി കടന്നുപോകുന്നു. മണിയുടെ ഓർമ്മകൾക്ക് താരാട്ടു പാടുന്നതിന് അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായ ആധുനിക പാർക്കിൽ ചാലക്കുടി നഗരസഭ പ്രത്യേക ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്.