 
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്‌സ് സിന്ധുവിനെയും ആശാ വർക്കർ സുശീലയെയും പഞ്ചായത്ത് ആദരിച്ചു. എല്ലാ ആശുപത്രികളും കൈയൊഴിഞ്ഞപ്പോഴും നായയിൽ നിന്ന് കടിയേറ്റ വയോധികയുടെ ഉണങ്ങാത്ത മുറിവ് സാന്ത്വന പരിപാലനത്തിലൂടെയും ഡ്രസിംഗിലൂടെയും പാലിയേറ്റീവ് നഴ്സ് സിന്ധു ഭേദമാക്കുകയായിരുന്നു.
വാർഡ് 16 ലെ ആശാ പ്രവർത്തക സുശീലയാണ് ഇക്കാര്യം സിന്ധുവിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഇവരുടെ സേവനത്തെ മാനിച്ചാണ് അനുമോദനം.
പി. വെമ്പല്ലൂർ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഗായത്രിയാണ് ചികിത്സ നൽകിയത്. സാന്ത്വന പരിപാലന രംഗത്ത് 85 കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്ന സിന്ധു നാട്ടുകാർക്ക് പ്രിയങ്കരിയാണ്. ചടങ്ങിൽ സിന്ധുവിനെയും, ആശാ വർക്കർ സുശീലയെയും പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ മെമന്റോ നൽകി ആദരിച്ചു. യു.കെയിൽ ഉപരിപഠനത്തിന് പോകുന്ന ഡോ.ഗായത്രിക്ക് പഞ്ചായത്ത് യാത്രഅയപ്പ് നൽകി. വൈസ് പ്രസിഡന്റ് സി.സി ജയ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ നൗഷാദ് പി.എ, വികസനകാര്യ ചെയർമാൻ കെ.എ അയൂബ്, ക്ഷേമകാര്യ ചെയർപേഴ്‌സൺ മിനി, വാർഡ് മെമ്പർമാരായ സൗദ നാസർ, സി.എസ് സുബീഷ്, എൽ.എച്ച്.ഐ വിജയലക്ഷ്മി, ജെ.എച്ച്.ഐ അഭിജാദ്, ജെ.പി.എച്ച് എൻ.സിന്ധു, ആശ ലീഡർ നിഷ , ബി.എ ഗോപി, ഡോ.രേഷ്മ തുടങ്ങിയവർ സംസാരിച്ചു.