കല്ലൂർ: വട്ടകൊട്ടായി മേഖലയിൽ കാട്ടാന ആക്രമണത്തിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണെന്നും സുരക്ഷ ഒരുക്കേണ്ട സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട്ട് എന്നിവർ ആരോപിച്ചു. കാട്ടാന ആക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അവർ. വലിയകുളം, പാലപ്പിള്ളി വഴി ഈ മേഖലയിൽ എത്തിയ ആനകൾ നാളിതുവരെയായിട്ടും ഇവിടം വിട്ട് പോയിട്ടില്ലെന്നാണ് പറയുന്നത്. വനംവകുപ്പ് ഒരു തരത്തിലുള്ള നടപടികളും നാളിതുവരെയായും സ്വീകരിച്ചിട്ടില്ല. കമ്പി വേലിയൊ കിടങ്ങൊ നിർമ്മിക്കണമെന്നാണ് ജനകീയ ആവശ്യം. എഴുപത് വർഷത്തിനിടെ ആദ്യമായാണ് ഈ വർഷം കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. സുരക്ഷ ഒരുക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ ജോസഫ് ടാജറ്റ്, മോഹനൻ തൊഴുക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു. സി.വി. ഷംസുദ്ധീൻ, കെ.പി. ജോസ്, തങ്കച്ചൻ എം.വി, അപ്പച്ചൻ തട്ടാറ, ഡാൻസിൽ എന്നിവരും സ്ഥലം സന്ദർശിച്ചു.