guru
പ്ളാവിലയിൽ ഉമേഷ് വരച്ച ഗുരുവിൻ്റെ ചിത്രം

തൃശൂർ: പ്‌ലാവിലയിൽ വരച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രവുമായി ഉമേഷ്. രണ്ട് മണിക്കൂറെടുത്ത് വര പൂർത്തിയാക്കി നിറം കൊടുത്തപ്പോൾ തയ്യാറായത് ഗുരുവിന്റെ വ്യത്യസ്ത ചിത്രം. പാലക്കാട് പത്തിരിപ്പാല പാണ്ടൻതറയിൽ ഉമേഷിന്റെ ചിത്രം ശിവഗിരി തീർത്ഥാടന കാലത്ത് ശ്രദ്ധേയമാവുകയാണ്.

ചിത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വ വീഡിയോയും നിർമ്മിച്ചു. ഇലകൾ കാൻവാസാക്കുന്ന ഉമേഷ് തുളസിയിലയിലും റോസാപ്പൂവിതളിലും വരച്ചിട്ടുണ്ട്. തെച്ചിയുടെ കുഞ്ഞിതളിലും വരച്ച് പ്രതിഭ തെളിയിച്ചു. വര പഠിച്ചിട്ടില്ല. ആലിലയിലാണ് കൂടുതലും വരച്ചിട്ടുള്ളത്.

കൊവിഡ് ചിത്രകാരനാക്കി

കൊവിഡ് കാലത്ത് പാലക്കാട്ടെ വർക്ക് ഷോപ്പിലെ മെക്കാനിക്ക് ജോലിയില്ലാതായപ്പോഴാണ് ഉമേഷ്, യു ട്യൂബ് നോക്കി ഇലച്ചിത്ര രചന (ലീഫ് ആർട്ട്) പരീക്ഷിച്ചത്. സ്‌കെച്ച് ചെയ്ത ശേഷം വരയില്ലാത്ത ഇലയുടെ ഭാഗങ്ങൾ ബ്‌ളേഡ് കൊണ്ട് മുറിച്ചു കളഞ്ഞ് അക്രലിക് കൊണ്ട് നിറം കൊടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, നടൻമാരായ മോഹൻലാൽ, കൃഷ്ണകുമാർ, സോപാന സംഗീതകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരെയും മംഗലാംകുന്ന് കർണ്ണൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നീ ഗജ വീരൻമാരെയും ഇലകളിലൊതുക്കി. ഒന്നര മണിക്കൂറെടുത്താണ് റോസാപ്പൂവിതളിൽ ഗണപതിയെയും തുളസിയിലയിൽ കൃഷ്ണനെയും തെച്ചിയിലയിൽ അയ്യപ്പനെയും വരച്ചത്. ആലിലയിൽ തൃശൂർ തെക്കെഗോപുരം വരക്കാൻ നാല് മണിക്കൂറെടുത്തു. ബോട്ടിലിലും കാൻവാസിലും വരയ്ക്കാറുണ്ട്.