പാവറട്ടി: മനുഷ്യരോടൊപ്പം കൂട്ടുകൂടി അവരുടെ ജീവിതചര്യകൾക്കൊപ്പം കഴിയുന്ന അണ്ണാറക്കണ്ണൻ തോളൂർ പഞ്ചായത്തിലെ പോന്നൂരിൽ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാകുന്നു. പോന്നൂർ പട്ടുകുളങ്ങര സുനിലന്റെ വീട്ടിലാണ് അണ്ണാറക്കണ്ണന്റെ സുഖവാസം. വീട്ടുകാർക്ക് അവൻ മണിക്കുട്ടനാണ്. കൃഷിക്കാരനായ അനിലിന് മൂന്ന് മാസം മുമ്പാണ് വാഴത്തോട്ടത്തിൽ നിന്ന് അണ്ണാൻ കുഞ്ഞിനെ ലഭിച്ചത്. അവശനിലയിലായിരുന്ന കുഞ്ഞണ്ണാനെ അനിലൻ വീട്ടിലെത്തിച്ച് പരിചരിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സ്‌നേഹ പരിചരണം അണ്ണാറക്കണ്ണനെ പൂർണ ആരോഗ്യവാനാക്കി. പിന്നീട് അവൻ അനിലിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി മാറി. വീട്ടിനുള്ളിൽ തുറന്നിട്ടിരിക്കുകയാണ് മണിക്കുട്ടനെ. എന്നാലും വീട്ടുകാരെ ഉപേക്ഷിച്ച് പോകാൻ തയ്യാറല്ല അണ്ണാൻ കുഞ്ഞ്. സുനിലന്റെ മൂന്ന് പെൺക്കളോടൊപ്പമാണ് കളിയും കൂട്ടും. പാലും പഴവും വീട്ടുകാർ നൽകും. എങ്കിലും തീൻ മേശയിൽ വീട്ടുകാരോടൊപ്പം ഒരു കസേര അണ്ണാറക്കണ്ണനും വേണം. ഭക്ഷണം കഴിക്കാനിരുന്നാൽ എവിടെയാണെങ്കിലും ഓടിയെത്തും. പിന്നെ തനിക്കായി നീക്കിവച്ച ഭക്ഷണം വീട്ടുകാരോടൊപ്പം കഴിക്കും. മണിക്കുട്ടന് ഉറങ്ങാൻ വീട്ടുകാർ ഒരു കടലാസ് പെട്ടിയിൽ സുരക്ഷിത കൂട് ഒരുക്കിയിട്ടുണ്ട്. എന്നാൽ തണുപ്പായതോടെ അതു പോരെന്ന് മണിക്കുട്ടൻ നിശ്ചയിച്ചു. വീട്ടിലെ തലയണ കടിച്ച് പൊളിച്ച് അതിൽ നിന്ന് പഞ്ഞിയെടുത്ത് വീടിന്റെ പ്രധാന കവാടത്തിനടുത്ത് രണ്ട് കൂടുകൾ സ്വന്തമായി നിർമ്മിച്ചു. ഇപ്പോൾ ആ കുടുകളിലാണ് താമസം. മനുഷ്യ സ്‌നേഹത്തിന്റെ ആഴമറിഞ്ഞ അണ്ണാൻ കുഞ്ഞ് മണിക്കുട്ടനായി പട്ടുകുളങ്ങര വീട്ടിൽ സന്തോഷത്തോടെ കഴിയുമ്പോൾ അത് സ്‌നേഹബന്ധത്തിന്റെ പുതുചരിത്രമാവുകയാണ്.