
കല്ലറ: കല്ലറക്കാർക്ക് സ്മാർട്ട് വില്ലേജോഫീസ് എന്നത് സ്വപ്നത്തിൽ മാത്രം ഒതുങ്ങുന്നു. സ്മാർട്ടായില്ലെങ്കിലും അത്യാവശ്യം സൗകര്യമുള്ള ഒരു കെട്ടിടമെങ്കിലും മതിയെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം. വില്ലേജോഫീസ് മന്ദിരനിർമാണം ഒരു വർഷം കഴിഞ്ഞിട്ടും അടിത്തറ നിർമാണത്തിലൊതുങ്ങി നിൽക്കുകയാണ്.
കല്ലറ പഞ്ചായത്തോഫീസ് വളപ്പിലെ കന്നുകുട്ടിപരിപാലന കേന്ദ്രത്തിലാണ് ഇപ്പോൾ വില്ലേജോഫീസ് പ്രവർത്തിക്കുന്നത്. വില്ലേജോഫീസ് രൂപവത്കരിച്ച് 36 വർഷം പിന്നിട്ടിട്ടും ഈ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടമുണ്ടാക്കാൻ അധികൃതർക്കായില്ല. ഓഫീസ് ചോർന്നൊലിച്ച് യാതൊരു സുരക്ഷയുമില്ലാത്ത സ്ഥിതിയിലാണ്. ഓഫീസിന്റെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങളും ജനങ്ങളും രംഗത്തുവന്നതോടെ സർക്കാർ ഇടപെടുകയും റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 45 ലക്ഷം രൂപ അനുവദിക്കുകയും തുടർന്ന് 2020 നവംബർ നാലിന് തറക്കല്ലിട്ട് നിർമാണം തുടങ്ങി.
ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള റവന്യൂ ഭൂമിയിലാണ് വില്ലേജോഫീസ് നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് വില്ലേജോഫീസ് ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇന്നും കെട്ടിട നിർമ്മാണം അടിസ്ഥാനത്തിൽ ഉറച്ചുനിൽക്കുന്നു.
നിലവിൽ വില്ലേജോഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പുറംഭിത്തി നനഞ്ഞ് പായൽ കയറിയ നിലയിലാണ്. ഭിത്തികളിലെ വിള്ളലുകളിലൂടെ അകത്തേക്ക് വെള്ളം അരിച്ചിറങ്ങും. ഓഫീസിനുള്ളിൽ ആവശ്യത്തിന് വെളിച്ചമില്ല. വൈദ്യുതി വിതരണത്തിലെ തകരാറുകൾ നിമിത്തം ജീവനക്കാർക്ക് നിരന്തരം ഷോക്കേല്ക്കുകയാണ്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവർ മുറ്റത്ത് വെള്ളക്കെട്ടിൽ കാത്തുനില്ക്കണം. സാമൂഹിക അകലവും ഇവിടെ വളരെ അകലെയാണ്. വില്ലേജോഫിസിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.