തിരുവനന്തപുരം: ജോലി നൽകാമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്നാരോപിച്ച് കായിക താരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരമാരംഭിച്ചു. നിയമനം നൽകിയെന്ന് സർക്കാർ പറയുന്ന 84 പേരാണ് പ്രത്യക്ഷ സമരത്തിലുള്ളത്. ഉറപ്പുനൽകിയ ജോലി ലഭിക്കുംവരെ സമരം തുടരാനാണ് കായിക താരങ്ങളുടെ തീരുമാനം. സർക്കാർ പ്രഖ്യാപിച്ച ജോലി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഒരു വർഷം മുമ്പ് ജോലി ലഭിച്ചെന്ന് സർക്കാർ പറയുന്ന 590 കായികതാരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട 84 പേരാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്. പത്തുവർഷമായി ഇവർ നിയമനം കാത്തിരിക്കുകയാണ്. ജോലി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് വരുന്ന ഡിസംബർ 21ന് ഒരു വർഷം തികയുകയാണ്. ജോലി നൽകിയെന്ന് വ്യക്തമാക്കി അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.