പാലോട്: പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ പുതിയതായി സർക്കാർ നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകി ഫിറ്റ്നസ് ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറി തടസം നിൽക്കുന്നതായി പരാതി. പെരിങ്ങമ്മല ഗവൺമെന്റ് യു.പി.എസിലും കൊല്ലയിൽ എൽ.പി.എസിലുമാണ് ഈ അവസ്ഥ. സർക്കാർ നേരിട്ട് ചെയ്‌ത കെട്ടിടങ്ങളുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റും പി.ഡബ്ല്യു.ഡിയുടെ ഫിറ്റ്നസ് സർഫിക്കറ്റും പ്ലാനും അപേക്ഷയും ലഭ്യമാക്കിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് സ്‌കൂൾ അധികൃതർ.