
ശ്രീകാര്യം : 89 -ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തിയിലും നഗരസഭാ പ്രദേശങ്ങളിലും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന അവലോകന യോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ശിവഗിരിയിലെത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലും എത്തിയാണ് മടങ്ങുന്നത്. കൊവിഡ് സാഹചര്യത്തിൽ തീർത്ഥാടന കാലഘട്ടം ഡിസംബർ 15 മുതൽ ജനുവരി 5 വരെ ദീർഘിപ്പിച്ച കാര്യം ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ യോഗത്തെ അറിയിച്ചു.
ഡിസംബർ 15 മുതൽ ശുചീകരണം, ഭക്ഷ്യസുരക്ഷാ പരിശോധനകൾ എന്നിവ കുറ്റമറ്റരീതിയിൽ നടപ്പിലാക്കാൻ നഗരസഭാ ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. ഗുരുകുലത്തിലും ഉത്സവ മേഖലയായ നഗരസഭാ വാർഡുകളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കും. ആവശ്യാനുസരണം ടാങ്കറിൽ കുടിവെള്ളം വാട്ടർ അതോറിറ്റിയും നഗരസഭയും എത്തിക്കും. പൊതുമരാമത്ത്- നഗരസഭാ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പൂർണമായും കത്തിക്കും. തിരുവനന്തപുരത്ത് നിന്നും ചെമ്പഴന്തി വഴി ശിവഗിരിയിലേക്ക് സ്പെഷ്യൽ ബസ് സർവീസും ചെമ്പഴന്തി വഴി കൂടുതൽ സർവീസുകളും കെ.എസ്.ആർ.ടി.സി നടത്തും. തീർത്ഥാടക വാഹനങ്ങളുടെ പാർക്കിംഗിനും തീർത്ഥാടകരുടെ താമസത്തിനും വേണ്ടി എസ്.എൻ. കോളേജ്, എസ്.എൻ.ജി.എച്ച്.എസ്.എസ്., സെൽഫ് ഫിനാൻസ് കോളേജ്, ഗവ. മണക്കൽ എൽ.പി.എസ് എന്നിവിടങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കും. ആരോഗ്യ വകുപ്പിന്റെ പ്രാഥമിക ചികിത്സാക്യാമ്പ് സജ്ജമാക്കും.
നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, സ്റ്റാൻലി ഡിക്രൂസ്, നഗരസഭ എക്സിക്യുട്ടീവ് എൻജിനിയർ രാഹി.ജി, കഴക്കൂട്ടം എസ്.ഐ. മിഥുൻ.ജെ.എസ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജി.മനോജ്, കെ.എസ്.ആർ.റ്റി.സി. ഡി.റ്റി. ഒ. ജേക്കബ് സാം, പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി., കേരള വാട്ടർ അതോറിറ്റി, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, ഗുരുകുലം കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചു വരുന്നതായി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2595121, 8281119121.