
തിരുവനന്തപുരം : പത്തനാപുരം ഗാന്ധിഭവന്റെ കീഴിൽ ജീവകാരുണ്യ സന്ദേശങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന 'ഗാന്ധിഭവൻ ടി.വി 'യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഹരിഹരൻ(സംവിധായകൻ), ജയറാം(നടൻ),ഷീല(നടി),കെ.രവീന്ദ്രനാഥൻ നായർ, ജനറൽ പിക്ചേഴ്സ്(നിർമാതാവ്), ആർടിസ്റ്റ് നമ്പൂതിരി (കലാ സംവിധാനം) എന്നിവർക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി ചെയർമാനായ സംവിധായകൻ ഷാജി എൻ.കരുൺ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച സിനിമയായി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത 'എന്നിവർ' തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. മികച്ച സംവിധായകനായി ജയരാജിനെയും മികച്ച നടനായി സുധീർ കരമനയേയും നടിയായി കനി കുസൃതിയേയും നവ്യാ നായരെയും തിരഞ്ഞെടുത്തു. 20,000 രൂപയും ഫലകവും പുരസ്കാരമായി നൽകും.
മികച്ച ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, സംഗീത സംവിധായകൻ രമേശ് നാരായണൻ, ഗായകൻ നജീം അർഷാദ്, ഗായിക നഞ്ചിയമ്മ എന്നിവരാണ് മറ്റ് ജേതാക്കൾ. 15,000 രൂപയും ഫലകവുമാണ് സമ്മാനം. ജൂറി അംഗങ്ങളായ ആർ.ശരത്, വിജയകൃഷ്ണൻ,പല്ലിശ്ശേരി, പി.എസ്.അമൽരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.