നെടുമങ്ങാട്: കാട്ടുപന്നി ശല്യത്തെ തുടർന്ന് ദുരിതത്തിലായ ആനാട് ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ഒടുവിൽ ആശ്വാസ വാർത്ത. ശല്യക്കാരായ പന്നികളെ വെടിവയ്ക്കാനും ജനവാസ മേഖലയിലെ കാട്ടുപന്നികളുടെ താവളങ്ങൾ കണ്ടെത്തുന്നതിനും ജനജാഗ്രതാ സമിതി രൂപീകരിച്ചു. പന്നികൾ കാരണം കൃഷി നശിച്ച കർഷകരും ജനപ്രതിനിധികളും ജാഗ്രതാസമിതിയിൽ അംഗങ്ങളാണ്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജയുടെയും വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് അനിലിന്റെയും സാന്നിദ്ധ്യത്തിൽ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായ ഷിജു എസ്. നായർ, ബാലചന്ദ്രൻ എന്നിവരാണ് സർക്കാർ തീരുമാനം കർഷകരെ അറിയിച്ചത്. വന്യജീവി ശല്യത്തിൽ കൃഷിനാശം സംഭവിച്ചവർ മൂന്ന് മാസത്തിനകം ഓൺലൈനിലൂടെ അപേക്ഷിച്ചാൽ 75,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കുമെന്ന് വനപാലകർ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശ്വതി രഞ്ജിത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റീന, വാർഡ് മെമ്പർമാരായ ലീലാമ്മ, പണയം നിസാർ, ശ്രീകല, നാസർ, നജിമുദീൻ, ഷീജ, സുമയ്യ, ഇരിഞ്ചയം സനൽ, ആർ. അജയകുമാർ, ബ്ലോക്ക് മെമ്പർ ശ്രീകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടി എം.ജി. ധനീഷ്, കാർഷിക വികസന സമിതി അംഗങ്ങളായ സുനിൽരാജ്, ജയൻ കല്ലിയോട്, കേരസമിതി ഭാരവാഹികളായ ജയചന്ദ്രൻ നായർ, രഘു, കൃഷി ഓഫീസർ എസ്. ജയകുമാർ, കൃഷി കാരണവർ കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.