ശ്രീകാര്യം: സ്‌പോട്ട് അഡ്മിഷൻ നടക്കുന്ന ഗവ. എൻജിനിയറിംഗ് കോളേജിന് മുന്നിലെ ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരം. കോളേജ് ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കാനാണ് തീരുമാനം. കോളേജിന്റെ മുൻ വശത്തെ പ്രധാന റോഡായ കുളത്തൂർ - കഴക്കൂട്ടം റാേഡിന്റെ ഇരുവശത്തും കോളേജിലെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകാരണം പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ഇവിടെ ട്രാഫിക്ക് കുരുക്കിൽപ്പെടുന്ന അവസ്ഥയിലായിരുന്നു. ഫ്രാറ്റ് ശ്രീകാര്യം മേഖലയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഫ്രാറ്റ് ശ്രീകാര്യം മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ, സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, വർക്കിംഗ് പ്രസിഡന്റ് എൻ. രഘുവരൻ എന്നിവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം എസ്.എച്ച്.ഒ ഷാഹുൽഹമീദ് കോളേജ് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.