ചിറയിൻകീഴ്: മുൻകൂട്ടിയുള്ള അറിയിപ്പൊന്നുമില്ലാതെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചത് രോഗികളെ ദുരിതത്തിലാക്കി. ഓപ്പറേഷൻ തിയേറ്ററിലെ സൈഡ് റൂമിലെ മെയിന്റനൻസ് വർക്കിന്റെ ഭാഗമായാണ് അടച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെയും ഇന്നുമായി ശസ്ത്രക്രിയ നടത്താനുള്ള രോഗികളെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി അഡ്മിറ്റ് ചെയ്ത ശേഷമാണ് തിയേറ്റർ അടയ്ക്കാൻ തീരുമാനിച്ചത്. പലരും ഇന്നലെ തന്നെ ഡിസ്ചാർജായി. തിയേറ്റർ എന്ന് തുറക്കുമെന്ന് ഇതുവരെ അറിയിപ്പുണ്ടായിട്ടില്ല. എന്നാൽ ഇന്നലെ സിസേറിയൻ ഇവിടെ നടന്നിരുന്നു. ഇന്നലെ സിസേറിയൻ മാത്രമാണ് ഇവിടെ നടന്നത്. നിലവിലെ ഒ.പി മന്ദിരത്തിന് മുകളിലത്തെ നിലയിൽ പുതിയ ഓപ്പറേഷൻ തിയേറ്റർ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. അടിയന്തര സാഹചര്യം ഉണ്ടായതിനാലാണ് തിയേറ്റർ അടച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശബ്നം പറഞ്ഞു.