വെള്ളറട: കോവിലുവിള പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്ന് സി.പി.ഐ ആര്യങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മൈലച്ചൽ വാർഡിൽ ഉൾപ്പെട്ട കോവിലുവിളയിൽ ഉരുൾപൊട്ടൽ സാദ്ധ്യത കണ്ടെത്തിയ സാഹചര്യത്തിൽ ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുകയാണ്. ഉയരം കൂടിയ പന്തപാച്ചി മലയുടെ അടിവാരത്ത് ഭൂമി പിളർന്നതിന്റെ ഭാഗമായാണ് കോവിലുവിളയിൽ വീടുകൾക്ക് വിള്ളലുണ്ടായത്. 16 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കള്ളിക്കാട് ചന്ദ്രൻ,​ വെള്ളറട മണ്ഡലം സെക്രട്ടറി കെ.പി. ഗോപകുമാർ,​ എന്നിവർ ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി വാഴിച്ചൽ ഗോപൻ,​ മണ്ഡലം കമ്മിറ്റി അംഗം ഹരി,​ എൽ.സി സെക്രട്ടറി അനീഷ് ചൈതന്യ,​ വാർഡ് മെമ്പർ ശശികല,​ ബാലാജി,​ വിനോദ്,​ തുളസി എന്നിവരും സംഘത്തിലുണ്ടായിരുന്നു.