ktda

കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ കുറയുന്നതിനാൽ മലയോരമേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. ഡിപ്പോയിൽ ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ലാത്തതാണ് സർവീസുകൾ കുറയാൻ കാരണം. ജീവനക്കാരുടെ കുറവ് കാരണം ഓരോ ദിവസം കഴിയുന്തോറും മലയോര സർവീസുകൾ ഡിപ്പോ അധികൃതർ കുറയ്ക്കുന്നതായാണ് ആക്ഷേപം. ഇക്കാരണത്താൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവ‌ർ ബുദ്ധിമുട്ടുകയാണ്. മുന്നറിയിപ്പില്ലാതെയാണ് സർവീസുകൾ കട്ട് ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ ബസ് ഇല്ലാത്ത അവസ്ഥയാണ്. ഡിപ്പോയിലാകെ 64 ഷെഡ്യൂളുകളാണ് ആദ്യം ഉണ്ടായിരുന്നത്. കൊവിഡിന് ശേഷം സർവീസുകൾ പുനഃരാരംരംഭിച്ചപ്പോൾ 43 ഷെഡ്യൂളുകൾ വരെ സർവീസ് നടത്തിയിരുന്നു. മികച്ച കളക്ഷനും ലഭിച്ചിരുന്നു. എന്നാൽ കണ്ടക്ടർമാർ ഇല്ലാത്തതിനാലാണ് സർവീസുകൾ നടത്താൻ കഴിയാത്തതെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ഇപ്പോൾ 45 കണ്ടക്ടർമാരാണ് ഉള്ളത്. കാട്ടാക്കടയിലെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.