general

ബാലരാമപുരം: സി.പി.എം നേമം ഏരിയാ കമ്മിറ്റി ഓഫീസായ 'അവണാകുഴി സദാശിവൻ സ്മാരക മന്ദിരം" ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൈത്തറിനാട്ടിലെത്തും. അത്യാധുനിക സംവിധാനത്തോടെയാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. നേമം ഏരിയയിലെ 171 ബ്രാഞ്ച് കമ്മിറ്റികളിൽ നിന്ന് 300ഓളം പേർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഏരിയാ ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരുടെ സംഭാവനയും പാർട്ടി അനുഭാവികളായിട്ടുള്ളവർ സാധനസാമഗ്രികൾ സംഭാവനയായി നൽകിയുമാണ് മുടങ്ങിക്കിടന്ന കമ്മിറ്റി ഓഫീസിന്റെ പണികൾ പൂർത്തീകരിച്ചത്. ഇതോടൊപ്പം ഇ.എം.എസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 4ന് പാർട്ടി ഓഫീസിന് സമീപം സജ്ജീകരിച്ചിരിക്കുന്ന പന്തലിൽ ഉദ്ഘാടന സമ്മേളനം നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിക്കും. ഫക്കീർജി സ്മാരക കോൺഫറൻസ് ഹാൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും, മാടസ്വാമി സ്മാരക സെമിനാർ ഹാൾ സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറും,​ ഇ.എം.എസ് സ്മാരക ലൈബ്രറി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും, മീഡിയ റൂം മന്ത്രി വി. ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുത്തൻകട വിജയൻ,​ ജില്ലാ കമ്മിറ്റിയംഗം തിരുവല്ലം ശിവരാജൻ,​ എം.എൽ.എമാരായ ഐ.ബി. സതീഷ്,​ കെ. ആൻസലൻ,​ മുൻ എം.എൽ.എ വെങ്ങാനൂർ ഭാസ്‌കരൻ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ,​ കല്ലിയൂർ ശ്രീധരൻ,​ ബാലരാമപുരം കബീർ,​ ആർ. പ്രദീപ്കുമാർ എന്നിവർ സംസാരിക്കും. സി.പി.എം നേമം ഏരിയാ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ അഡ്വ. എ. പ്രതാപചന്ദ്രൻ നന്ദിയും പറയും.