തിരുവനന്തപുരം: കുടപ്പനക്കുന്ന് വില്ലേജിലെ 23 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയ മൂന്നാം അഡിഷണൽ മുൻസിഫ് കോടതിയുടെ ഉത്തരവ് മൂന്നാം അഡിഷണൽ ജില്ലാ കോടതി റദ്ദാക്കി. തെറ്റായ രേഖകളും തെളിവുകളും നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയതെന്ന സർക്കാർ വാദം ജില്ലാ ജഡ്‌ജി എസ്. സജികുമാർ അംഗീകരിച്ചു. പുനർ വിചാരണ നടത്തി പുറമ്പോക്കിന്റെ യഥാർത്ഥ അവകാശികളെ കണ്ടെത്താൻ ജില്ലാ കോടതി മുൻസിഫ് കോടതിയോട് നിർദ്ദേശിച്ചു.

ഉന്നത സർവേ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് നഗരസഭയുടെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് ലഭിക്കാനുള്ള ഒത്താശ ചെയ്‌തത്. നഗരസഭയുടെ ഭൂമിക്കെതിരായ കേസിൽ സ്വകാര്യ വ്യക്തി നഗരസഭയെ കക്ഷിയാക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. റീ - സർവേ നമ്പറിൽ പുതിയ സബ് ഡിവിഷൻ ഉണ്ടാക്കി അതിലേയ്ക്ക് സർക്കാർ പുറമ്പോക്ക് മാറ്റിയ ശേഷം സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റി നൽകുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ കള്ളക്കളി ശ്രദ്ധയിൽപ്പെട്ട അന്നത്തെ സർവേ വിജിലൻസ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറാണ് കേസ് അന്വേഷിച്ച് സത്യം കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഈ നാല് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്‌ത് ഇവർക്കെതിരെയും സ്വകാര്യ വ്യക്തിക്കെതിരെയും ക്രിമിനൽ കേസെടുത്തു.