തിരുവനന്തപുരം: ഒന്നരക്കോടിയിലേറെ രൂപ മുടക്കി നവീകരിച്ച റോഡ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. മുട്ടട ജംഗ്ഷൻ - വയലിക്കട റോഡിലെ കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയുടെ അലൈൻമെന്റിലാണ് മാറ്രം വരുത്തിയത്. വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്ന റോഡ് ബി.എം ബി.സി മാതൃകയിൽ രണ്ട് വർഷം മുമ്പാണ് ടാർ ചെയ്‌തത്. റോഡ് നന്നാക്കിയതിന് പിന്നാലെ മൂന്നുമാസം മുമ്പ് വാട്ടർ അതോറിട്ടി ജലവിതരണ പദ്ധതിക്കായുള്ള പൈപ്പുകളെത്തിച്ചു. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ഗ്രീൻവാലി റസി. അസോസിയേഷന്റെ നേതൃത്വത്തിൽ എം.എൽ.എയ്ക്കും മന്ത്രിക്കും പരാതി നൽകി. ഇതേക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. പരാതിയെ തുടർന്ന് വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വാട്ടർ അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അലൈൻമെന്റ് മാറ്രാൻ തീരുമാനമായത്.
കുടപ്പനകുന്ന് - മടത്തുനട കെ.ജെ.കെ ആശുപത്രി - കരിയം വഴി മൺവിളയിലേക്കാണ് പദ്ധതി മാറ്റിയത്. മുട്ടട - വയലിക്കട റോഡിന്റെ വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം അടുത്ത സാമ്പത്തികവർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പരിഗണിക്കാമെന്ന് എം.എൽ.എയുടെ ഓഫീസ് അറിയിച്ചതായി ഗ്രീൻവാലി റസി. അസോസിയേഷൻ സെക്രട്ടറി ജോസഫ് രാജ് വ്യക്തമാക്കി.