
പാറശാല: കൊവിഡ് വ്യാപനത്തിനെ തുടർന്ന് 19 മാസമായി നിറുത്തിവച്ചിരുന്ന അന്തർസംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വരുത്താത്തത് കാരണം കെ.എസ്.ആർ.ടി.സി ബസുകൾ അതിർത്തിക്ക് ഒരു കിലോമീറ്റർ ഇപ്പുറമുള്ള ഇഞ്ചിവിളവരെയും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ കളിയിക്കാവിള ബസ് സ്റ്റാൻഡ് വരെയുമാണ് നേരത്തെ സർവീസ് നടത്തിയിരുന്നത്. ഇതുകാരണം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് സർക്കാർ തലത്തിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇരു ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളും വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചത്.
എന്നാൽ ഇപ്പോഴും കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയശേഷം പാർക്കിംഗിനായി പഴയതുപോലെ ഇഞ്ചിവിളയിൽ എത്തണം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കളിയിക്കാവിള സ്റ്രാൻഡിൽ നിലവിൽ ഏഴു ബസുകൾക്ക് മാത്രമേ പാർക്കിംഗ് സൗകര്യമുള്ളൂ. ഇതാണ് ബസുകൾ ഇഞ്ചിവിളയിൽ പാർക്ക് ചെയ്യാൻ കാരണം. മാത്രമല്ല സ്റ്റാൻഡിൽ എത്തുന്ന വാഹനങ്ങൾക്ക് 8 രൂപവീതം പഞ്ചായത്തിന് തറവാടകയും നൽകണം. ഇതിന് ശേഷമാണ് ഇഞ്ചിവിളയിലേക്ക് പോകേണ്ടത്. സർവീസ് ആരംഭിക്കേണ്ട സമയം എത്തുമ്പോൾ ഫോണിൽ വിളിച്ചറിയിക്കുന്ന പ്രകാരം ബസ് വീണ്ടും തിരികെ എത്തി ആളെ കയറ്റി പോകുകയാണ് ഇപ്പോൾ ചെയ്യുന്നത്.