
ശ്രീകാര്യം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഇന്നലെ ഡിഗ്രി സ്പോട്ട് അഡ്മിഷന് എത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും രാത്രി വൈകി സ്പോട്ട് അഡ്മിഷൻ നടന്ന കാര്യവട്ടം എൻജിനീയറിംഗ് കോളേജിന് മുന്നിൽ പ്രതിഷേധിച്ചു. രണ്ട് ദിവസമായി നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ഒ.ബി.സി ഉൾപ്പെടെയുള്ള വിഭാഗങ്ങളെ വിളിച്ചുവരുത്തിയശേഷം സീറ്റുകൾ ഉണ്ടായിട്ടും അലോട്ട്മെന്റ് നടത്താതെ രാത്രി 8.30 വരെ ഹാളിൽ ഇരുത്തിയശേഷം ഇന്നത്തെ അഡ്മിഷൻ നടപടികൾ പൂർത്തായെന്ന് പറഞ്ഞതോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചത്. കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരെത്തി ഹാളിലിരുന്നവരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം കനത്തു. സ്പോട്ട് അഡ്മിഷനിൽ ക്രമക്കേടുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നു.