kera-gramam-padhathi-ulgh

വക്കം: സംസ്ഥാനത്തുടനീളം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരഗ്രാമം പദ്ധതിയിലൂടെ ഒരു പ്രദേശത്തിന്റെ നാളികേര സമൃദ്ധിയാണ് ലക്ഷ്യമിടുന്നത്. ഉരുക്കുവെളിച്ചെണ്ണയുടെ സാദ്ധ്യത മനസിലാക്കി കുടുംബശ്രീ പ്രവർത്തകർ ഉരുക്കുവെളിച്ചെണ്ണ യൂണിറ്റുകൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. കവലയൂർ ഗുരുമന്ദിരം ഹാളിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം. രാജു പദ്ധതി വിശദീകരണം നടത്തി. കാർഷിക ഉപകരണങ്ങളുടെ വിതരണം, കേര കർഷകർക്കുള്ള ധനസഹായ വിതരണം, വളം വിതരണം, തെങ്ങിൻതൈ വിതരണം, ജനകീയാസൂത്രണ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം,​ കർഷകർക്കുള്ള പരിശീലന ക്ലാസ് എന്നിവയും നടന്നു. ക്ലാസിൽ പങ്കെടുത്തവർക്ക് സൗജന്യമായി പച്ചക്കറി തൈകൾ നൽകി.

കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്. ഷാജഹാൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് സ്വാഗതവും വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി നന്ദിയും പറഞ്ഞു.