തിരുവനന്തപുരം: കോൺഗ്രസിനെ സാധാരണ ജനങ്ങളിലേക്കെത്തിച്ച് പാർട്ടിക്ക് ജനകീയമുഖം നൽകി ബഹുജന സംഘടയാക്കി മാറ്റുന്നതിൽ നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കെ. മാധവൻ നായരെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ. മാധവൻ നായരുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രമാണ് മാധവൻ നായരുടെ ജീവിതം. ദേശീയ സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം, അയിത്തം പോലുള്ള സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടം, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, മാതൃഭൂമി ദിനപത്രത്തിന്റെ ഉത്ഭവം തുടങ്ങി. പല ജന്മങ്ങൾ കൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ഒരു ജന്മം കൊണ്ട് ചെയ്തു തീർത്തയാളാണ് മാധവൻ നായർ. ജീവിതാന്ത്യം വരെ പോരാളിയായിരുന്നു അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീചിത്ര ഹോമിൽ ലഡു വിതരണവും കെ.പി.സി.സിയിൽ ജവഹർ ബാൽമഞ്ച് കുട്ടികളുടെ നേതൃത്വത്തിൽ കേക്ക് മുറിക്കലും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ജി. സുബോധൻ, നിർവാഹക സമിതി അംഗം ടി. ശരത്ചന്ദ്ര പ്രസാദ്, ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ പങ്കെടുത്തു.