
തിരുവനന്തപുരം: ചൂടുള്ള മൂന്ന് ദോശയ്ക്കൊപ്പം രുചികരമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും. ഒരു ശരാശരി ഭക്ഷണപ്രേമിക്ക് കൂടുതലെന്തുവേണം? കൈകഴുകി വന്ന് വില ചോദിക്കുമ്പോൾ ഒന്ന് ഞെട്ടും. മറ്റുള്ള കടകളിലെപ്പോലെ കഴുത്തറുപ്പൻ ബില്ല് കണ്ടല്ല, സ്നേഹവാത്സല്യങ്ങൾ അരച്ചുചേർത്ത ഈ കടയിലെ വിലക്കുറവ് കണ്ട്. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണ് ഇവിടെയെത്തുന്നവരുടെ വയറും മനസും ഒരുപോലെ നിറയ്ക്കുന്നത്.മുകളിൽപ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാൽ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തിൽ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില. ഇന്ധന വിലവർദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയിൽ വിറകടുപ്പിൽ ചുട്ടെടുക്കുന്ന ദോശയ്‌ക്ക് ഒരു രൂപ മാത്രമാണ് വർഷങ്ങളായി വില. വടയ്ക്ക് മൂന്നുരൂപ. ചായക്കാണെങ്കിൽ ഏഴുരൂപ. അമ്മച്ചിയുടെ ദോശക്കടയെന്ന് നാട്ടുകാർ വിളിക്കുന്ന ഈ ചായക്കടയിൽ പുലർച്ചെമുതൽ തിരക്കാണ്.60 വർഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനം തുടങ്ങിയത് വത്സലചേച്ചിയുടെ അമ്മ ഭാരതിഅമ്മയാണ്. മൂന്നു പൈസയായിരുന്നു അന്ന് ഒരു ദോശയ്‌ക്ക് വില. പിന്നീട് സാധനങ്ങൾക്ക് വിലകൂടുന്നതിനനുസരിച്ച് പലപ്പോഴായി ദോശയ്ക്കും വിലകൂടി. അമ്പതുപൈസയായിരുന്നു മൂന്നു വർഷം മുമ്പുവരെ ദോശയ്ക്ക്. പിടിച്ചുനിൽക്കാൻ പറ്റാതായപ്പോഴാണ് ഒരു രൂപയാക്കിയത്. 95 കഴിഞ്ഞ ഭാരതിഅമ്മ പ്രായാധിക്യത്തിനൊപ്പം വീണ് പരിക്കേൽക്കുകയും ചെയ്തതോടെ ഇപ്പോൾ കടയിലേക്ക് വരാറില്ല. മകൾ വത്സലയ്ക്കും മരുമകൻ അനിൽകുമാറിനുമാണ് കടയുടെ ചുമതല. മകളെ കട ഏൽപിച്ചപ്പോൾ ഭാരതിഅമ്മ ഒരു കാര്യമേ പറഞ്ഞുള്ളൂ, വിലകൂട്ടി കൂടുതൽ ലാഭം ഉണ്ടാക്കരുതെന്ന്. മകളും മരുമകനും അമ്മയുടെ വാക്ക് അതേപടി പാലിക്കാൻ തയ്യാറായാതാണ് മറ്റ് കടകളിൽ നിന്ന് അമ്മച്ചിക്കടയെ വ്യത്യസ്ഥമാക്കുന്നത്.
വിറകടുപ്പിൽ മൊരിയുന്ന രുചിപ്പെരുമ
അടുത്തബന്ധുവിന്റെ കെട്ടിടത്തിലാണ് വർഷങ്ങളായി ചായക്കട പ്രവർത്തിക്കുന്നത്. വിറകടുപ്പിലെ പാചകമായതിനാൽ ചെലവും കുറവ്. ജോലിക്കാർ ആരും ഇല്ലാത്തതിനാൽ കൂലി ചെലവുമില്ല. കുറഞ്ഞ ചെലവിൽ ഭക്ഷണം കൊടുക്കുന്നതിന്റെ ഗുട്ടൻസ് ഇതൊക്കെയാണ്.
തൊട്ടടുത്ത ജംഗ്‌ഷനിൽ ദോശയ്‌ക്ക് 5 രൂപയും വടകൾക്ക് ഏഴുരൂപയും ചായയ്ക്ക് 10 രൂപയും വില ഈടാക്കുമ്പോൾ കുറഞ്ഞ വിലയ്‌ക്ക് കച്ചവടം നടത്തിയാൽ ലാഭമുണ്ടാകുമോ എന്ന ചോദ്യത്തിന്, 60 വർഷമായി ഞങ്ങൾ ഇങ്ങനെയല്ലേ കട നടത്തുന്നതെന്നായിരുന്നു ചെറുപുഞ്ചിരിയോടെ വത്സല ചേച്ചിയുടെ മറുപടി.
വിലനിലവാരം
ദോശ- 1 രൂപ
രസവട -3 രൂപ
ചെറുപഴം -1 രൂപ
വാഴയ്ക്കയപ്പം -5 രൂ പ
കടലക്കറി-7 രൂപ
ഉരുളക്കിഴങ്ങ് കറി-7 രൂപ
ചായ -7 രൂപ