തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നയിക്കുന്ന ജനജാഗ്രതാ കാമ്പെയിൻ പദയാത്ര 4, 5 തീയതികളിൽ ജില്ലയിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് 3ന് കല്ലറ ജംഗ്‌ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ്‌ പദയാത്ര ആരംഭിക്കുന്നത്‌.കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും സമ്മേളനത്തിൽ പങ്കെടുക്കും.ഉദ്‌ഘാടനസമ്മേളനത്തിന്‌ മുന്നോടിയായി സജി കല്ലുവാതുക്കലിന്റെയും ശ്രീപാർവ്വതി സജിയുടെയും നേതൃത്വത്തിൽ ഇടംതലക്കൂട്ടത്തിന്റെ തനത്‌ നാടൻ പാട്ടുകളും ദൃശ്യവിരുന്നും നടക്കും.യാത്ര ആദ്യദിവസം ഭരതന്നൂരിൽ സമാപിക്കും ഭരതന്നൂരിൽ നടക്കുന്ന കലാസന്ധ്യക്ക്‌ പ്രസിദ്ധ പിന്നണിഗായകൻ പന്തളംബാലനും സംഘവും നേതൃത്വം നൽകും. മറ്റന്നാൾ രാവിലെ 7 മണിക്ക്‌ പ്രഭാതഭേരിക്കുശേഷം 9 മണിക്ക്‌ ആദിവാസി-ദളിത്‌ സംഗമ വേദിയിലെത്തി അവരുമായി കെ.സി. വേണുഗോപാൽ സംവദിക്കും. പദയാ‌ത്രയ്‌ക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധിപാർക്ക് വരെ വിളംബര ജാഥ സംഘടിപ്പിക്കുമെന്നും പാലോട് രവി അറിയിച്ചു. കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.