k

കടയ്ക്കാവൂർ: കടയ്ക്കാവൂർ റയിൽവേസ്റ്റേഷൻ -വക്കം റോഡ് തകർന്ന് യാത്രാക്ളേശം രൂക്ഷമായിട്ട് വർഷങ്ങൾ പലതായി. അധികൃതർ കണ്ണ്തുറക്കുന്നില്ല. തകർന്ന് തരിപ്പണമായ റോഡിൽ മഴക്കാലമായാൽ പലസ്ഥലത്തും വെളളകെട്ടാണ്. കാൽനട യാത്രപോലും ദുസഹമായ റോഡിലെ വെളളകെട്ടിന് അടിയിൽ പലസ്ഥലത്തും കുഴികളുമുണ്ട്. ഇതിൽവീണ് ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. തെരുവ് വിളക്കുകൾ ഇല്ലാത്ത റോഡിൽ രാത്രിയായാൽ ഇഴജന്തുക്കളുടേയും തെരുവ്നായ്ക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും ശല്ല്യവുമുണ്ട്. റോഡിന് ഇരുവശത്തും കുറ്റികാടുകൾ വളർന്ന് കിടക്കുന്നതിനാൽ സന്ധ്യകഴിഞ്ഞാൽ സമൂഹ്യ വിരുദ്ധരുടെ താവളവുമാണ് ഈ റോഡ്. റയിൽവേലൈന് സമാന്തരമായി കിടക്കുന്ന ഈ റോഡ് വളരെയധികം യാത്രതിരക്കുളളതുമാണ്. കടയ്ക്കാവൂർ-വക്കം പഞ്ചായത്തുകളിലായി കിടക്കുന്നതിനാൽ ഇരു പഞ്ചായത്തുകളും ഈ റോഡിനെപറ്റി ചിന്തിയ്ക്കുന്നതേയില്ലെന്നാണ് പരാതി. ബ്ളോക്ക് പഞ്ചായത്തിനും ജില്ലാപഞ്ചയത്തിനും നാട്ടുകാർ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇവരും കണ്ണ് തുറക്കുന്നില്ല. വക്കത്തുനിന്നും കടയ്ക്കാവൂർ റിൽവേസ്റ്റേഷനിൽ എത്താൻ എളുപ്പവഴിയാണ് ഈറോഡ് അതിനാൽ നൂറ് കണക്കിന് യാത്രക്കാരാണ് ദിവസേന ഈ റോഡ് ഉപയോഗിയ്ക്കുന്നത്. അടിയന്തിരമായി ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ഈ റോഡിന്റെ നവീകരണം ഏറ്റെടുത്തു റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.