വെഞ്ഞാറമൂട്: വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നയിക്കുന്ന ജനജാഗ്രതാ യാത്ര 4, 5 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 26, 27 തീയതികളിൽ നടത്താനിരുന്നതും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചതുമായ പദയാത്രയാണ് 4ന് വൈകിട്ട് 3ന് കല്ലറ ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2മുതൽ സജി കല്ലുവാതുക്കലിന്റെയും ശ്രീപാർവതി സജിയുടെയും നേതൃത്വത്തിൽ നാടൻപാട്ടും ദൃശ്യവിരുന്നും ഉണ്ടായിരിക്കും.
കല്ലറ പാങ്ങോട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ആരംഭിക്കുന്ന പദയാത്ര ആദ്യദിവസം ഭരതന്നൂരിൽ സമാപിക്കും. തുടർന്ന് നടക്കുന്ന കലാസന്ധ്യയ്ക്ക് പിന്നണി ഗായകൻ പന്തളം ബാലനും സംഘവും നേതൃത്വം നൽകും. രണ്ടാം ദിവസമായ 5ന് രാവിലെ 7ന് പ്രഭാതഭേരി. 9ന് ആദിവാസി, ദളിത് സംഗമം. ജില്ലയിലെ 200ൽപ്പരം സെറ്റിൽമെന്റുകളിൽ നിന്നായി 350 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുെന്നും പാലോട് രവി അറിയിച്ചു. കെ.പി.സ. സി ട്രഷറർ പ്രതാപചന്ദ്രൻ, മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.