ko

കോവളം: എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയെങ്കിലും മനക്കരുത്തിന്റെ പിൻബലത്തിൽ വിധിയെ തോൽപ്പിച്ച് അശരണർക്ക് ആശ്വാസവുമായി ഒരു ഭിന്നശേഷിക്കാരൻ. ഇന്ത്യൻ ബാങ്ക് പാച്ചല്ലൂർ ശാഖയിലെ കാഷ്യർ തിരുവല്ലം പാച്ചല്ലൂർ കിഴക്കേ മുടമ്പ് നളന്ദയിൽ സുരേഷ് മാധവും ഭാര്യ പി ആൻഡ് ഡി ജീവനക്കാരി ദീപയുമാണ് വിധിയെ പുഞ്ചിരിയോടെ നേരിട്ട് കഴിഞ്ഞ 21 വർഷമായി നാട്ടിലെ ജനങ്ങൾക്ക് കാരുണ്യത്തിന്റെ തണൽ മരങ്ങളാകുന്നത്.

കയർ തൊഴിലാളികളായ മാധവന്റേയും സാവിത്രിയുടേയും നാലുമക്കളിൽ ഇളയവനായ സുരേഷിന് മൂന്നാമത്തെ വയസിലാണ് പോളിയോ രോഗം പിടിപെട്ടത്. ചികിത്സകൾ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ വെല്ലുവിളികളെ സധൈര്യം നേരിട്ട സുരേഷ് തന്റെ ജീവിതം സഹായങ്ങൾ ആവശ്യമുള്ള അശരണർക്കായി സമർപ്പിക്കുകയായിരുന്നു. ഇതിന് പിന്തുണയുമായി ദീപയും എത്തിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിച്ചു. ഇരുവരും തങ്ങൾക്ക് ലഭിക്കുന്ന ശമ്പളമാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നത്.

അശരണരെ സഹായിക്കാൻ സുരേഷ് ആദ്യം വികലാംഗ സംഘത്തിനാണ് രൂപം നൽകിയത്. പിന്നീട് സ്നേഹസ്പർശം ഫൗണ്ടേഷൻ എന്ന സംഘടന ആരംഭിച്ചു. 2020ൽ പ്രദേശത്തെ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് 5 പവൻ സ്വർണവും 25,000 രൂപയും നൽകിയായിരുന്നു ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് നിർദ്ധനരായ മുന്നോറോളം രോഗികൾക്കും സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങായി സംഘടന മാറി. കൊവിഡ് നാടിനെ ഉലച്ചപ്പോൾ നഗരസഭയിലെ 4 വാർ‌ഡുകളിലെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റെത്തിക്കാനും ഫൗണ്ടേഷൻ മുൻപന്തിയിലായിരുന്നു. പൂന്തുറ മസാല തെരുവിലെ 7 വിദ്യാർത്ഥികളെ ദത്തെടുത്ത് പഠന സൗകര്യം ഒരുക്കിയതും ഫൗണ്ടേഷനാണ്.

കൊവിഡ് സമയത്തെ മികച്ച പ്രവർത്തനം മുൻനിറുത്തി ഫൗണ്ടേഷൻ ചെയർമാനായ സുരേഷിന് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്. സുതാര്യതയുള്ളതിനാൽ പ്രവർത്തനങ്ങൾക്ക് സുമനസുകളുടെ സഹായവും ലഭിക്കുന്നുണ്ടെന്നാണ് സുരേഷ് പറയുന്നത്. സുരേഷിന്റെ മൂത്തമകൻ ഗോപീകൃഷ്‌ണൻ ബധിരനും മൂകനുമാണ്. ഇളയ മകൻ ശരവൺ വാഴമുട്ടം സ്കൂളിൽ ഒമ്പതാം ക്ളാസിൽ പഠിക്കുന്നു.