
തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിലയിൽ അടുത്ത ഏപ്രിൽ മുതൽ കാര്യമായ കുറവു വരുത്താനുള്ള നടപടികൾ ബെവ്കോ തുടങ്ങി. കേരളത്തിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മദ്യം വിൽക്കുന്ന സംസ്ഥാനങ്ങളിൽ സപ്ളൈ ചെയ്യുന്ന അതേ വിലയ്ക്ക് ഇവിടെയും മദ്യം സപ്ളൈ ചെയ്യണമെന്ന നിർദ്ദേശം മദ്യ കമ്പനികൾക്ക് നൽകിക്കഴിഞ്ഞു. പുതുക്കിയ ടെണ്ടർ ഏപ്രിലിൽ നിലവിൽ വരും. സപ്ളൈ ചെയ്യുന്ന മദ്യത്തിന്റെ അളവിനനുസരിച്ച് മദ്യ കമ്പനികൾ നൽകേണ്ട അഡ്വാൻസ് ഡിസ്കൗണ്ട് തുക പുന:ക്രമീകരിക്കുക കൂടി ചെയ്യുന്നതോടെ ചെറുകിട നിർമ്മാതാക്കൾ ഉന്നയിക്കുന്ന നഷ്ടവാദം അപ്രസക്തമാകും.
സപ്ളൈ ടെണ്ടറിൽ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ ഉയർന്ന തുക നിർമ്മാതാക്കൾ രേഖപ്പെടുത്തുന്നതാണ് സംസ്ഥാനത്ത് താരതമ്യേന കൂടിയ വിലയ്ക്ക് ഒരു പ്രധാന കാരണം. മദ്യം സപ്ളൈ ചെയ്യുന്ന 128 നിർമ്മാതാക്കളിൽ പതിനഞ്ചോളം വൻകിട കമ്പനികളുടെ കൈവശമാണ് 85 മുതൽ 90 ശതമാനം വരെ വിപണി. ഇതിലൂടെ പ്രതിവർഷം 400 കോടി രൂപ വരെ ലാഭം കൊയ്യുന്ന കമ്പനികളുണ്ട്.
ചില്ലറ വില്പനശാലകളുടെ പ്രവർത്തനം കൂടുതൽ ജനപ്രിയമാക്കാനും ബെവ്കോ നടപടി സ്വീകരിക്കും.
ഓരോ ഷോപ്പിലും ലഭ്യമായ മദ്യത്തിന്റെ സ്റ്റോക്ക്, വില അടക്കമുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് മനസിലാക്കാൻ എല്ലാ ഷോപ്പുകൾക്കു മുന്നിലും ടി വി സ്ക്രോളിംഗ് സംവിധാനം ഒരു മാസത്തിനുള്ളിൽ നിലവിൽ വരും. ആവശ്യക്കാർക്ക് ചോദിക്കുന്ന മദ്യം കിട്ടാതിരിക്കുന്ന സ്ഥിതി പല ഷോപ്പുകളിലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സ്ഥിതി ഒഴിവാക്കി, സ്റ്റോക്കുള്ള ബ്രാൻഡുകളിൽ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാൻ അവസരം നൽകുകയാണ് ലക്ഷ്യം.
ഡിസ്കൗണ്ട് പുതുക്കി നിശ്ചയിക്കും
ബിവറേജസ് കോർപ്പറേഷന് മദ്യ കമ്പനികൾ നൽകേണ്ട ഡിസ്കൗണ്ട് പുതുക്കി നിശ്ചയിക്കാൻ തീരുമാനമായി.(ആകെ വാങ്ങുന്ന മദ്യത്തിന്റെ വിലയിൽ നിന്ന് നിശ്ചിത ശതമാനം തുക ബെവ്കോയ്ക്ക് നൽകുന്നതാണ് ഡിസ്കൗണ്ട്.) സിംഹഭാഗം മദ്യവും സപ്ളൈ ചെയ്യുന്ന വൻകിട കമ്പനിക്കാർ ബെവ്കോയ്ക്ക് നൽകുന്ന ഡിസ്കൗണ്ട് ഏഴ് ശതമാനമാണ്. നാമമാത്രമായി മദ്യം സപ്ളൈ ചെയ്യുന്ന ചെറുകിടക്കാരിൽ നിന്ന് ഈടാക്കുന്നതാവട്ടെ 21 ശതമാനവും. ദീർഘകാലമായി തുടരുന്ന രീതി ഇതാണ്. ഒരു വർഷം 200 കോടിയോളം രൂപ ഈ വ്യത്യാസം മൂലം നഷ്ടമാകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഏപ്രിൽ മുതൽ പുനഃക്രമീകരിക്കും. സപ്ളൈ ചെയ്യുന്ന മദ്യത്തിന്റെ അളവിന് അനുസരണമായിട്ടാവും ഇനി ഡിസ്കൗണ്ട് നിശ്ചയിക്കുക.
നഷ്ടത്തിന്റെ കണക്ക്
കഴിഞ്ഞ രണ്ടു വർഷമായി ബെവ്കോ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ശമ്പളം, ട്രാൻസ്പോർട്ടിംഗ്, കെട്ടിടവാടക. സെക്യൂരിറ്റി തുടങ്ങിയ ഇനങ്ങളിലായി ഒരു വർഷം 337 കോടിയോളം രൂപയാണ് കോർപ്പറേഷന്റെ ചെലവ്. അധിക ബാദ്ധ്യതകൾക്ക് കടിഞ്ഞാണിടുകയാണ് പ്രധാന ദൗത്യം. ആകെ 265 ചില്ലറ വില്പനശാലകളുണ്ട് ബെവ്കോയ്ക്കു കീഴിൽ. വെയർഹൗസുകൾ 23.
വെയർഹൗസുകൾ കൂട്ടും
വിവിധ ജില്ലകളിലായുള്ള 23 വെയർഹൗസുകളിൽ സ്റ്റോക്ക് ചെയ്താണ് ബാറുകൾക്കും ചില്ലറ വില്പനശാലകൾക്കും മദ്യം നൽകുന്നത്. വെയർഹൗസുകളുടെ എണ്ണം കൂട്ടും.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോന്നും കൂട്ടാനാണ് തീരുമാനം. ചെറുകിട മദ്യനിർമാതാക്കൾക്കും കൂടുതൽ അളവിൽ സ്റ്റോക്ക് എത്തിക്കാൻ അവസരം നൽകുകയാണ് ലക്ഷ്യം.
കൂടുതൽ സുതാര്യത
ബെവ്കോ ഷോപ്പുകളിലെ മദ്യ വില്പന കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനാണ് മുന്തിയ പരിഗണന. കോർപ്പറേഷന്റെ നിലനില്പിന് കോടികൾ ലാഭം കൊയ്യുന്ന കമ്പനികളുടെ സഹായവും വേണം.
#ശ്യാംസുന്ദർ
മാനേജിംഗ് ഡയറക്ടർ, ബെവ്കോ