
കോവളം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ മരുതൂർകോണം പട്ടം എ. താണുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ രാമപുരം മണത്തോട്ടം സ്വദേശിയുമായ ദേവശ്രീക്കും കുടുംബത്തിനും ഇനി കെട്ടുറപ്പുള്ള വീട്ടിൽ താമസിക്കാം. ഈ സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കൊരു വീട് എന്ന പദ്ധതിയിലാണ് വീടൊരുക്കിയത്. 8 വർഷം മുമ്പാണ് ദേവശ്രീയുടെ അച്ഛൻ സതീശൻ ഹൃദയാഘാതം മൂലം മരിച്ചത്. അമ്മ സിന്ധുവും പ്ലസ്ടു കഴിഞ്ഞ സഹോദരൻ വൈദേവും സിന്ധുവിന്റെ മാതാപിതാക്കളുമടങ്ങുന്ന കുടുംബം തലചായ്ക്കുന്നത് ടാർപ്പോളിൻ മേൽക്കൂരയായി കെട്ടിയ ഷെഡിലാണ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പഠന സഹായമൊരുക്കാൻ സ്‌കൂളിലെ അദ്ധ്യാപകരും എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകരും വീട്ടിലെത്തിയപ്പോഴാണ് ദേവശ്രീയുടെ വീട്ടിലെ ദയനീയാവസ്ഥ നേരിട്ട് കണ്ടറിഞ്ഞത്. തുടർന്ന് സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ സഹപാഠിക്കൊരു വീട് എന്ന പദ്ധതിക്ക് തുടക്കമിടുകയായിരുന്നു. അഞ്ച് സെന്റിൽ 9 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ 500 ചതുരശ്ര അടിയോളം വരുന്ന ടെറസ് വീട്ടിൽ രണ്ട് കിടപ്പുമുറി, ഹാൾ, ടോയ്‌ലെറ്റ്, അടുക്കള , വരാന്ത എന്നിവയുണ്ട്. നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.