പാറശാല: ദേശീയപാതയിലെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നായ ഉദിയൻകുളങ്ങരയിൽ സേതുലക്ഷ്മിഭായി പൊതു മാർക്കറ്റിന് മുന്നിലായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇക്കാരണത്താൽ മാർക്കറ്റ് പ്രവർത്തിക്കുന്ന ജംഗ്‌ഷനും സമീപത്തെ ബസ് സ്റ്റോപ്പും സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാവും. നാട്ടുകാർക്കും ബസ് യാത്രക്കാർക്കും ഏറെ പ്രയോജനകരമായിരുന്ന ഈ ലൈറ്റ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതികരണവേദി ഉദിയൻകുളങ്ങര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതികരണവേദി മേഖലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എൻ. ബെൻസർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി സെക്രട്ടറി പി. റോയി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. എസ്. ലേഖ, കെ. ശശിധരൻ, പി. മധു, അരുൺബാബു, അതുൽബാബു, എൻ. വിനയൻ തുടങ്ങിയവർ സംസാരിച്ചു.